ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ ശേഷം രാഷ്‌ട്രപതിയുടെ അംഗീകാരത്തോടെ നിയമമായെങ്കിലും ദേശീയ പൗരത്വ ഭേദഗതി എന്നു നടപ്പാക്കുമെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനം പുറത്തിറക്കാതെ കേന്ദ്ര സർക്കാർ ജാഗ്രതയിൽ. പൗരത്വ ദേഭഗതി നിയമം സുപ്രീംകോടതിയിൽ ചോദ്യം ചെയ്‌ത സാഹചര്യം കണക്കിലെടുത്താണ് വിജ്ഞാപനം വൈകുന്നതെന്ന് സൂചനയുണ്ട്.
ഡിസംബർ 11ന് പാർലമെന്റ് പാസാക്കിയ ദേശീയ പൗരത്വ ദേദഗതി ബില്ലിന് തൊട്ടടുത്ത ദിവസം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ട് അംഗീകാരം നൽകിയിരുന്നു. ആയുധ ഭേദഗതി അടക്കം ശീതകാല സമ്മേളനത്തിൽ പാസായ മറ്റ് ബില്ലുകൾക്ക് രാഷ്‌ട്രപതി അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെ കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ പൗരത്വ ഭേദഗതി വിവാദമായ സാഹചര്യത്തിൽ വിജ്ഞാപനം വൈകിക്കാൻ സർക്കാരിന് നിയമോപദേശം ലഭിച്ചതായി അറിയുന്നു.
പൗരത്വ ഭേദഗതി നിയമം സ്‌റ്റേ ചെയ്യണമെന്ന ഹർജിയിൽ ഇടപെടാതെ കേസ് മാറ്റിവച്ച സുപ്രീംകോടതി, നിയമം നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമാണ്. ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനത്തതോടെ വിജ്ഞാപനം നീളാനാണ് സാദ്ധ്യത. അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്‌ത്യൻ, പാഴ്സി, ക്രൈസ്‌തവ, ജെയിൻ, ബുദ്ധ മതക്കാർക്ക് ഇന്ത്യയിൽ എന്നുമുതൽ പൗരത്വം അനുവദിക്കുമെന്ന് വിജ്ഞാപനത്തിലൂടെയാണ് വ്യക്തമാകുക.