citizenship-bill-

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുന്നതിനിടെ ഉത്തർപ്രദേശിൽ ഇന്നലെ ആറ് പേർ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കാൺപൂരിൽ വെടിവയ്‌പിൽ ഏഴ് പേർക്ക് പരിക്കേറ്റതായാണ് ആദ്യം വന്ന റിപ്പോർട്ട്.

ഇതോടെ രണ്ട് ദിവസത്തിനിടെ സംഘർഷത്തിൽ മരണം ഒൻപതായി. കഴിഞ്ഞ ദിവസം യു. പിയിലെ ലക്‌നൗവിൽ ഒരാളും കർണാടകത്തിലെ മംഗളുരുവിൽ രണ്ട് പേരും വെടിയേറ്റ് മരിച്ചിരുന്നു.

ഇന്നലെ ഡൽഹി ജുമാ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ആളുകൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയത് അസാധാരണ സംഘർഷാവസ്ഥയുണ്ടാക്കി. ആയിരക്കണക്കിനാളുകളാണ് ജുമാ മസ്ജിദിൽ തടിച്ചുകൂടിയത്. നിരവധി വാഹനങ്ങൾ തകർക്കുകയും കത്തിക്കുകയും ചെയ്തു. പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പേർക്കു പരിക്കേറ്റു. നാല് പൊലീസുകാർക്കും പരിക്കേറ്റു. ജുമാ മസ്ജിദിൽനിന്ന് ജന്തർ മന്ദറിലേക്ക് മാർച്ച് നടത്താൻ ഭീം ആദ്മി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും അനുയായികളും ശ്രമിച്ചത് സംഘർഷമുണ്ടാക്കി. പൊലീസ് അറസ്റ്റ് ചെയ്‌ത ആസാദ് ജനക്കൂട്ടത്തിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നാലെ ആയിരങ്ങൾ ജന്തർ മന്ദറിലേക്ക് മാർച്ച് തുടങ്ങി. ഡൽഹി ഗേറ്റിന് സമീപം പൊലീസ് മാർച്ച് തടഞ്ഞു. അവിടെ കുത്തിയിരുന്ന പ്രക്ഷോഭകർ വൈകിട്ട് പിരിഞ്ഞു പോയി. ആറു മണിയോടെ യുവാക്കളുടെ വൻ സംഘം ഇരച്ചെത്തി. അക്രമം അഴിച്ചുവിട്ടവരെ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ച് അടിച്ചമർത്തി. ജുമാ മസ്ജിദ് മുതൽ ഡൽഹി ഗേറ്റ് വരെയുള്ള തെരുവു യുദ്ധമായി. സമരാനുകൂലികളെ തല്ലിച്ചതച്ച് റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്.

നൂറിലേറെപ്പേർ അറസ്റ്റിലായി. വടക്കുകിഴക്കൻ ഡൽഹിയിൽ 12 പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

യു.പിയിൽ പത്തിലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റു. മീററ്റിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. അലിഗഡിലും മീററ്റിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

യു. പിയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം നടന്ന പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായി. 3500 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി.

ബുലന്ദ്ശഹർ, ബറൈച്ച്, മീററ്റ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ സംഘർഷം തുടരുകയാണ്.

പലയിടത്തും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. പത്ത് നഗരങ്ങളിൽ ഇന്റർനെറ്റ് നിരോധനം തുടരുന്നു.

ഇന്ന് ബീഹാറിൽ ആർ.ജെ.ഡി ബന്ദ്

ഗുജറാത്തിൽ കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

5000 പേർക്കെതിരെ കേസെടുത്തു.

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ട്രെയിനിന് നേരെ കല്ലേറ്

മദ്ധ്യപ്രദേശിൽ 44 സ്ഥലങ്ങളിൽ നിരോധനാജ്ഞ

ഹരിയാനയിലെ ഗോരഖ്പൂരിൽ ഏറ്റുമുട്ടൽ

അലിഗഡിൽ റെഡ് അലർട്ട്

ഹൈദരാബാദിൽ ചാർമിനാർ, മക്ക മസ്ജിദ് പരിസരങ്ങളിൽ വൻ പ്രതിഷേധം.

തമിഴ്നാട്ടിൽ തിരുമാവളവൻ എം. പി, സംഗീതജ്ഞൻ ടി.എം കൃഷ്‌ണ, നടൻ സിദ്ധാർത്ഥ് തുടങ്ങി 600 പേർക്കെതിരെ കേസ്