ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതിസന്ധികലെ മറികടന്ന് വളർച്ചനേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമേദി. അതിനായി വ്യവസായ ലോകം കൂടുതൽ നിക്ഷേപം ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാണിജ്യ സംഘടനയായ അസോചാം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നടക്കുന്ന ചർച്ചകളിൽ നിന്നും നല്ല കാര്യങ്ങൾ സ്വീകരിക്കാനാണ് താത്പര്യം. ആരെയും വെല്ലുവിളിക്കുന്നില്ല. യു.പി.എ സർക്കാരിന്റെ കാലത്ത് സാമ്പത്തിക വളർച്ച 3.5 ശതമാനമായി കുറഞ്ഞിരുന്നു. പണപ്പെരുപ്പവും കുതിച്ചുയർന്നു. ഇത്തരം കയറ്റിറക്കങ്ങൾ പതിവാണ്. എന്നാൽ അതിൽ നിന്നൊക്കെ കരകയറാൻ ഇന്ത്യക്ക് കരുത്തുണ്ട്. -അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകബാങ്കിന്റെ ബിസിനസ് ചെയ്യൽ എളുപ്പമാക്കാനുള്ള റാങ്കിംഗ് പട്ടികയിൽ ഇന്ത്യ 142-ാം സ്ഥാനത്തു നിന്ന് 63ൽ എത്തിയെന്നും മൂന്നു വർഷത്തിനുള്ളിൽ തുടർച്ചയായ മുന്നേറ്റമുണ്ടാക്കിയ പത്തു രാജ്യങ്ങളിലൊന്നാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ എതിർപ്പില്ലാതെയാണ് ഇതു നേടിയത്. സർക്കാർ കോർപറേറ്റുകളുടെ ഏജന്റുമാരാണെന്ന ആരോപണമുയർന്നു. സർക്കാർ 130 കോടി ജനങ്ങളുടെ ഏജന്റുമാരാണ്.
കമ്പനി നിയമം ഭേദഗതി ചെയ്‌ത് ലളിതമാക്കിയെന്നും കൂടുതൽ മാറ്റങ്ങൾ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടുന്ന കമ്പനികൾക്ക് പ്രവർത്തനം അവസാനിപ്പിക്കാനുള്ള സൗകര്യങ്ങളും ഒരുക്കി. ഈ നിയമങ്ങൾ കോർപറേറ്റുകളുടെ മൂലധനം സംരക്ഷിക്കാൻ ഉതകും. ഇപ്പോഴുള്ള പ്രതിസന്ധിയും ദൗർബല്ല്യങ്ങളും മറികടക്കാനാകുമെന്ന് ബാങ്കിംഗ് കോർപറേറ്റ് മനസിലാക്കി ഭയപ്പെടാതെ തീരുമാനങ്ങളെടുക്കുകയും ധൈര്യപൂർവ്വം നിക്ഷേപമിറക്കുകയും ചെലവാക്കുകയും വേണമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
കോർപറേറ്റുകളുടെ വാണിജ്യപരമായ തീരുമാനങ്ങൾ നല്ലതാണെങ്കിൽ നടപടിയുണ്ടാകില്ല. കേന്ദ്ര സർക്കാ ഇടപെട്ട് കമ്പനികളുടെ രജിസ്ട്രേഷൻ എളുപ്പമാക്കി. അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കിയിട്ടുണ്ട്. എന്നാൽ കോർപറേറ്റുകൾ തൊഴിലാളികളുടെ താത്പര്യം കൂടി കണക്കിലെടുക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.