
ന്യൂഡൽഹി : പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രതിഷേധത്തിൽ ഇന്ത്യൻ റെയിൽവേക്ക് 88 കോടിയുടെ നഷ്ടമുണ്ടായതായി അധികൃതർ. കിഴക്കൻ റെയിൽവേ സോണിൽ 72കോടിയുടെ വസ്തുക്കളും ദക്ഷിണ റെയിൽവേ സോണിൽ 13കോടിയുടെ വസ്തുക്കളും പ്രതിഷേധാഗ്‌നിയിൽ എരിഞ്ഞടങ്ങി. വടക്ക് കിഴക്കൻ സോണിൽ മൂന്ന് കോടിയുടെ നഷ്ടമുണ്ടായി. പലയിടത്തും ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും പ്രതിഷേധക്കാർ തീവച്ച് നശിപ്പിച്ചു.
സമരങ്ങളെ തുടർന്ന് നൂറിലേറെ പ്രധാന ട്രെയിനുകൾ ദിവസങ്ങളോളം റദ്ദാക്കേണ്ടി വന്നതും നഷ്ടക്കണക്ക് വർദ്ധിപ്പിച്ചു. ബംഗാളിൽ പ്രതിഷേധക്കാർ 19 റെയിൽവേ സ്റ്റേഷനും 20 ട്രെയിനുകൾക്കും തീവച്ചു. ഇതിനെത്തുടർന്ന് ഡിസംബർ 13 മുതൽ 655 ട്രെയിനുകൾ റദ്ദാക്കി. ഹൗറ, സെൽദാ, മാൽദ ഡിവിഷനുകളിൽ 127 മെയിൽ എക്‌സ്പ്രസ് ട്രെയിനുകളും 190 പാസഞ്ചർ ട്രെയിനുകളും 290 സബർബൻ ട്രെയിനുകളും റദ്ദാക്കി. ഖൊരഗ്പൂർ ഡിവിഷനിൽ അഞ്ച് ട്രെയിനുകൾക്ക് തീയിട്ടു. മാത്രമല്ല ചിലയിടങ്ങളിൽ അക്രമകാരികൾ ട്രെയിൻ തടയുകയും ചെയ്തു. അക്രമ സംഭവങ്ങളിൽ ഇതുവരെ 85 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ആർ.പി.എഫ് ഡയറക്ടർ ജനറൽ പറഞ്ഞു.