jayasankar

കോൺഗ്രസ് സംഘവുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

ന്യൂഡൽഹി :ജമ്മുകാശ്‌മീരിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ച ഡെമോക്രാറ്റിംഗ് പാർട്ടിയംഗവും ഇന്ത്യൻ വംശജയുമായ പ്രമീള ജയപാലിനെ ഒഴിവാക്കാനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കോൺഗ്രസ് പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്‌ച റദ്ദാക്കി.

അമേരിക്കയുമായുള്ള 2+2 ചർച്ചയ്‌ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനൊപ്പം വാഷിംഗ്ടണിൽ എത്തിയതായിരുന്നു ജയശങ്കർ.

യു. എസ് വിദേശകാര്യ കമ്മിറ്റി ചെയർമാൻ എലിയറ്റ് എൽ. ഏംഗൽ, മൈക്കൽ മെക്ക്കാൾ തുടങ്ങിയവർ ഉൾപ്പെടുന്ന കോൺഗ്രസ് സംഘവുമായാണ് ജയശങ്കറിന്റെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഈ സംഘത്തിൽ പ്രമീള ജയപാലിനെയും ക്ഷണിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം ചർച്ച റദ്ദാക്കുകയായിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കാശ്‌മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നായിരുന്നു പ്രമീളാ ജയപാലിന്റെ പ്രമേയം. പ്രമീളയെ സംഘത്തിൽ നിന്ന് ഒഴിവാക്കണമെന്ന ഇന്ത്യയുടെ ആവശ്യം യു. എസ് അധികൃതർ അംഗീകരിച്ചില്ല.

അതേസമയം,​ പ്രമീളാ ജയപാലിന് പിന്തുണയുമായി പ്രമുഖ ഡെമോക്രാറ്റിക് സെനറ്റർമാരായ ബേണി സാൻഡേഴ്‌സും എലിസബത്ത് വാറനും രംഗത്തെത്തി. ഇരുവരും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥികളാവാൻ സാദ്ധ്യതയുള്ളവരാണ്.

''പ്രമീളാ ജയപാലിന്റെ പ്രമേയത്തെക്കുറിച്ച് തനിക്കറിയാം. അത് ജമ്മു കാശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചോ ഇന്ത്യൻ സർക്കാർ ന്യായമായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാേ അല്ല. അതിനാൽ അവരെ കാണാൻ താൽപ്പര്യമില്ല.''

- എസ് ജയശങ്കർ

വാഷിംഗ്ടണിൽ ഇന്ത്യൻ മാദ്ധ്യമങ്ങളോട്