രാജ്യമൊട്ടാകെ പൗരത്വഭേദഗതി നിയമം ചർച്ച ചെയ്യുമ്പോൾ തെറ്റിദ്ധാരണ മൂലം ചിലർ സമരത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിർക്കുന്നവർ ഇതൊരവസരമായിക്കണ്ട് പ്രശ്നങ്ങൾ പർവതീകരിക്കാൻ ശ്രമിക്കുന്നു. അനിവാര്യമായ വസ്തുതകൾ പ്രതിപാദിക്കുകയാണ് ഇവിടെ : പൗരത്വഭേദഗതി ബിൽ- 2019ഉം ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി ) വ്യത്യസ്ത വിഷയങ്ങളാണ്. രണ്ടും കൂട്ടിക്കുഴയ്ക്കുന്നതിലൂടെ ചിലർ ന്യൂനപക്ഷങ്ങളിൽ ഭയം പടർത്താമെന്ന് കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണു ചിലർ പ്രക്ഷോഭത്തിലേക്കു തിരിഞ്ഞത്. മുസ്ലിങ്ങൾക്കുള്ള സംരക്ഷണമില്ലാതാക്കുമെന്നും അവർ 'പുറത്തുള്ളവരായി" പ്രഖ്യാപിക്കപ്പെടുമെന്നും ഭയം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
പൗരത്വഭേദഗതി ബില്ലിനെക്കുറിച്ച് മനസിലാക്കാം. വിഭജനം വരെ ബംഗ്ലാദേശും പാകിസ്ഥാനും ഇന്ത്യയുടെ ഭാഗമായിരുന്നല്ലോ. ആ രാജ്യങ്ങൾ രൂപീകൃതമായത് മതാടിസ്ഥാനത്തിലുമാണ്. ധാരാളം മുസ്ലിങ്ങൾ ഈ രാജ്യങ്ങളിലേക്കു പോവുകയും അവിടെനിന്ന് ഹിന്ദുക്കൾ ഇന്ത്യയിലേക്കു വരികയുമുണ്ടായി. ആ നാളുകളിൽ മഹാത്മാഗാന്ധി പറഞ്ഞു : 'ഒന്നായിരുന്ന ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടു. ഇന്ത്യയിൽ വന്നവർക്കു പൗരത്വം നൽകേണ്ടതു നമ്മുടെ കടമയാണ്." ഇതു തന്നെയായിരുന്നു നെഹ്റുജിയുടെയും സർദാർ പട്ടേലിന്റെയും നിലപാട്. ദശലക്ഷക്കണക്കിന് അഭയാർത്ഥികൾക്കാണ് അക്കാലത്തു പൗരത്വം നൽകിയത്.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സ്വയം പ്രഖ്യാപിത ഇസ്ലാമിക രാഷ്ട്രങ്ങളാണ്. അതിനാൽത്തന്നെ അവിടങ്ങളിൽ മതത്തിന്റെ പേരിൽ മുസ്ലിങ്ങൾ പീഡിപ്പിക്കപ്പെടുന്ന സാഹചര്യമില്ല. ഇന്ത്യ വിശുദ്ധമായി കാണുന്നത് മതത്തെയല്ല ; ഭരണഘടനയെയാണെന്നിരിക്കെ, ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, പാഴ്സി അഭയാർഥികൾക്കു സംരക്ഷണം നൽകുക എന്ന നയമാണ് ഇന്ത്യയുടേത്. ഈ നയത്തിനു രൂപം നൽകാനുള്ള നടപടികൾക്ക് അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2003ൽ തുടക്കമിട്ടു. പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമെത്തിയ ഹിന്ദു അഭയാർത്ഥികൾക്കു പൗരത്വം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് സമരം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടികൾ പലതും അന്ന് വാജ്പേയി സർക്കാരിനെ പിന്തുണച്ചെന്നറിയുമ്പോൾ അദ്ഭുതം തോന്നാം. അതിനു ശേഷമാണ് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ യു.പി.എ സർക്കാർ വ്യവസ്ഥകൾ ഒരു വർഷത്തേക്കു നീട്ടി പാർലമെന്റിൽ ബിൽ പാസാക്കിയത്. 2005 ൽ ഇത് ആവർത്തിക്കപ്പെട്ടു. ഇപ്പോൾ കേന്ദ്രസർക്കാരിനെ എതിർക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളും തൃണമൂൽ കോൺഗ്രസും മറ്റ് ചില പാർട്ടികളും യു.പി.എ സർക്കാരിന്റെ ഭാഗമായിരുന്നു.
2003ലെ നിയമം പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു അഭയാർത്ഥികളെക്കുറിച്ചു മാത്രമേ പറയുന്നുള്ളൂ. ഇപ്പോഴത്തെ നിയമം മതപരമായ വിവേചനം നിമിത്തം ദുരിതമനുഭവിക്കുന്ന ഹിന്ദുക്കളെയും സിഖുകാരെയും ബുദ്ധമതക്കാരെയും ക്രിസ്ത്യാനികളെയും ജൈനൻമാരെയും പാഴ്സികളെയും പരാമർശിക്കുന്നുണ്ട്. നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ക്രിസ്ത്യാനികൾക്കും ജൈനൻമാർക്കും പാഴ്സികൾക്കും പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നു. മുൻകാല നിയമങ്ങളെക്കാൾ സമഗ്രവുമാണിത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ സ്വാഗതം ചെയ്യണമായിരുന്നു. എന്നാൽ, രാഷ്ട്രീയലാഭങ്ങൾ മോഹിച്ച് ചില പാർട്ടികൾ 2004, 2005 വർഷങ്ങളിലേതിന് വിരുദ്ധമായ നിലപാടു കൈക്കൊള്ളുകയാണ്. എന്തുകൊണ്ടാണു മുസ്ലിംകളോടു വിവേചനമെന്നാണ് ഇപ്പോൾ ഉയരുന്ന ഒരു ചോദ്യം. ഉത്തരം മുസ്ലിങ്ങളോടു വിവേചനമില്ല എന്നാണ്. ഭാവിയിലും മുസ്ലിംകളോടു വിവേചനം ഉണ്ടാവരുതു താനും. ഈ വിഷയത്തിൽ ഇപ്പോഴോ ഭാവിയിലോ മുസ്ലിങ്ങൾ ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടിവരില്ല. മുസ്ലിം പൗരന്മാരുടെ ദേശസ്നേഹം ഒരുതരത്തിലും സംശയിക്കപ്പെടാൻ പോകുന്നില്ല. ഒരു മുസ്ലിം പൗരന്റെയും അവകാശങ്ങൾ നഷ്ടമാവുകയുമില്ല. ഇപ്പോഴത്തെ പ്രശ്നം ഇന്ത്യൻ പൗരൻമാരെ ബാധിക്കുന്നതേയല്ല.
ഇസ്ലാമിക രാഷ്ട്രങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മുസ്ലിംകൾ മതപരമായ വിവേചനം നേരിടേണ്ടി വരുന്നില്ല എന്നിരിക്കെ, പ്രധാനമന്ത്രി ഉയർത്തിയ ഒരു ചോദ്യത്തിനു പൗരത്വഭേദഗതി നിയമത്തെ എതിർക്കുന്ന പാർട്ടികളൊന്നും മറുപടി നൽകിയിട്ടില്ല. ചോദ്യമിതാണ്: 'ഈ രാജ്യങ്ങളിലെ മുസ്ലിം പൗരൻമാർക്ക് ഇന്ത്യൻ പൗരത്വം നൽകണോ? 30 കോടി ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാമെന്ന് പറയുന്നത് അനുയോജ്യമാണോ?
ലോകത്തിൽ ഒരു രാജ്യവും കുറുക്കുവഴികളിലൂടെ പൗരത്വം നൽകില്ല. പൗരത്വം അനുവദിക്കുന്നതിന് അവരുടേതായ വ്യവസ്ഥകളുണ്ട്; അനധികൃതമായി എത്തുന്നവരെ പുറത്താക്കുകയും ചെയ്യും. അതേ ശൈലി ഇന്ത്യ പിന്തുടരുമ്പോൾ എതിർക്കുന്നത് നിർഭാഗ്യകരമാണ്. ഇതേ ശക്തികളാണു ആശയക്കുഴപ്പമുണ്ടാക്കാൻ പൗരത്വഭേദഗതി നിയമവും എൻ.ആർ.സിയും കൂട്ടിക്കുഴച്ചത്.
പ്രമുഖ രാഷ്ട്രങ്ങൾക്കെല്ലാം പൗരൻമാരുടെ രജിസ്റ്ററുണ്ട്. ഇന്ത്യക്ക് അതില്ല. അതു സാദ്ധ്യമാക്കാൻ എൻ.ആർ.സി സഹായിക്കും. 1985ൽ അസാം കരാർ ഒപ്പിട്ട വേളയിൽ രാജീവ് ഗാന്ധിയാണ് ഇത്തരമൊരു റജിസ്റ്ററിന്റെ ആവശ്യകത ആദ്യം തിരിച്ചറിഞ്ഞത്. ഇപ്പോൾ അസാമിലുള്ള എൻ.ആർ.സി. അന്നത്തെ കരാറിന്റെ വ്യവസ്ഥകൾ പ്രകാരം നടപ്പാക്കിയതാണ്. രജിസ്റ്ററിൽ പേരില്ലാത്തവർക്കു വീണ്ടും അപേക്ഷ നൽകാനവസരം നൽകിയിട്ടുണ്ട്. ഈ പ്രശ്നങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ സംശയമുന്നയിക്കുന്നതു ശരിയുമല്ല.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ എൻ.ആർ.സി. നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾക്കു രൂപം നൽകാനിരിക്കുന്നതേയുള്ളൂ. ഇതു സംബന്ധിച്ച് ഇപ്പോൾ തെറ്റായ വിവരം പ്രചരിപ്പിക്കുന്നതു രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയാണെന്നതു നിർഭാഗ്യകരമാണ്. ആധാർകാർഡ് പദ്ധതിക്കു തുടക്കമിട്ടപ്പോൾ പാവങ്ങൾക്കെങ്ങനെ തിരിച്ചറിയൽ കാർഡ് നൽകുമെന്ന ചോദ്യമായിരുന്നു ഉയർത്തിയത്. 10 വർഷം പിന്നിടുമ്പോൾ കാണാൻ സാധിക്കുന്നതെന്താണ് ? മിക്കവാറും എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആധാറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ യാഥാർത്ഥ്യമായതു പൗരത്വഭേദഗതി നിയമം മാത്രമാണ്. എൻ.ആർ.സിയെക്കുറിച്ചു ചർച്ചകൾ നടക്കുന്നതേയുള്ളൂ. ഒരു കാര്യം വ്യക്തമാക്കാം: 130 കോടിയിലേറെയുള്ള ഇന്ത്യക്കാരിൽ ഒരാൾ പോലും എൻ.ആർ.സിയിൽ നിന്ന് ഒഴിവാക്കപ്പെടില്ല.
ചില ശക്തികൾ അക്രമം ആളിക്കത്തിക്കുകയാണ്. അവർ ആരാണെന്ന് വൈകാതെ തുറന്നു കാണിക്കപ്പെടും. പ്രധാനമന്ത്രി മോദിയുടെ ചരിത്രപരമായ രണ്ടാം തിരഞ്ഞെടുപ്പു വിജയം, മുത്തലാഖ് ബിൽ, അയോദ്ധ്യ പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെട്ടത്, 370-ാം വകുപ്പ് റദ്ദാക്കപ്പെട്ടത് എന്നിവയൊക്കെ പ്രതിപക്ഷത്തെ നിരാശപ്പെടുത്തുന്നുണ്ടാവണം. കുളം കലക്കാൻ ഇതൊരവസരമാണെന്ന് അവർ കരുതുന്നുണ്ടാവാം. എന്നാൽ അശുഭചിന്തകളും നിഷേധാത്മകതയും നിറഞ്ഞ രാഷ്ട്രീയത്തിന് ഇന്ത്യ ഇനി ഇടം നൽകില്ല.