modi

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഭയം വേണ്ടെന്നും നിയമത്തെക്കുറിച്ച് നുണകൾ പരത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു..രാംലീല മൈതാനത്ത് ബി.ജെ.പിയുടെ ഡൽഹി നിയമസഭാതിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തിലാണ് മോദിയുടെ വിശദീകരണം.

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷതയെന്നും (വിവിധാ മേം ഏകതാ, ഭാരത് കി വിശേഷ്‌താ) ഈ തത്വത്തിൽ അധിഷ്‌ഠിതമായ ഐക്യവും അഖണ്ഡതയുമാണ് രാജ്യത്തിന്റെ ശക്തിയെന്നും പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്.

തടങ്കൽ പാളയങ്ങൾ നുണ

പൗരത്വ ഭേദഗതി നിയമത്തിന് ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെ 130 കോടി പൗരന്മാരുമായി ഒരു ബന്ധവുമില്ല. ചില രാഷ്‌ട്രീയക്കാർ നുണകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കോൺഗ്രസും അർബൻ നക്സലുകളും പ്രചരിപ്പിക്കുന്നത് മുസ്ലീങ്ങളെയെല്ലാം തടങ്കൽ പാളയങ്ങളിൽ അടയ്‌ക്കുമെന്നാണ്. വിദ്യാസമ്പന്ന‌ർ പോലും അത് വിശ്വസിച്ചതിലാണ് അദ്ഭുതം. തടങ്കൽ പാളയങ്ങൾ എന്നത് കളവാണ്. നിയമത്തെക്കുറിച്ച് പഠിച്ചാൽ അതു ബോദ്ധ്യപ്പെടും.

മുസ്ളീങ്ങൾ ഈ മണ്ണിന്റെ മക്കൾ

ഇന്ത്യയിലെ മുസ്ളീങ്ങൾ ഈ മണ്ണിന്റെ മക്കളാണ്. പൗരത്വ നിയമത്തിന് അവരുമായി ഒരു ബന്ധവുമില്ല. ജനങ്ങൾ പൗരത്വ നിയമം വായിക്കണം. അപ്പോഴേ വ്യാജപ്രചാരണങ്ങളെ ചെറുക്കാനാവൂ.

കൊണ്ടുവന്നത് കോൺഗ്രസ്

പൗരത്വ നിയമം പാർലമെന്റിൽ കൊണ്ടുവന്നത് കോൺഗ്രസാണ്. അന്ന് എന്തുകൊണ്ട് ആരും പ്രതിഷേധിച്ചില്ല? കോൺഗ്രസ് വോട്ട്ബാങ്ക് രാഷ്‌ട്രീയം കാരണം നടപ്പാക്കാതിരുന്നതാണ് ഞങ്ങൾ നടപ്പാക്കുന്നത്. പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ

നിന്നുള്ള ഹിന്ദുക്കളെയും സിക്കുകാരെയും സഹായിക്കണമെന്ന് പറഞ്ഞ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മുൻ അസാം മുഖ്യമന്ത്രി തരുൺ ഗോഗോയിയും കോൺഗ്രസ് നേതാവ് അശോക് ഗെലോട്ടും ഇപ്പോൾ മലക്കം മറിഞ്ഞു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം കള്ളം പറയുന്നത് എന്തിനാണ്? പാർലമെന്റ് പാസാക്കിയ ബില്ലിനെ ബഹുമാനിക്കുകയാണ് വേണ്ടത്.

'എന്നെ ആക്രമിച്ചോളൂ'

എന്നെ വെറുത്തോളൂ, ആക്രമിച്ചോളൂ. പക്ഷേ പൊതുമുതൽ കത്തിക്കരുത്. പാവങ്ങളുടെ വീടുകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും തീവയ്‌ക്കരുത്. നിരവധി പോലീസുകാർ നമുക്കായി ജീവൻ വെടിഞ്ഞു. അടിയന്തര സഹായത്തിന് ഓടിയെത്തുമ്പോൾ അവർ നിങ്ങളുടെ ജാതിയോ മതമോ ചോദിക്കാറില്ല. അവരെ ആക്രമിക്കരുത്.

- നരേന്ദ്ര മോദി

പ്രധാനമന്ത്രി

സംസ്ഥാനങ്ങൾക്ക് മാറിനിൽക്കാനാവില്ല; കേരളത്തിന് വിമർശനം

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ മോദി പരോക്ഷമായി വിമർശിച്ചു. ചില മുഖ്യമന്ത്രിമാർ പറയുന്നത് നിയമം നടപ്പാക്കില്ലെന്നാണ്. നിയമം നടപ്പാക്കുമെന്ന് സത്യപ്രതിജ്ഞ ചെയ‌്തവരാണ് മുഖ്യമന്ത്രിമാർ. ഒരേ ദേശീയ പതാകയ്‌ക്കു കീഴിൽ നിന്ന് ഒരേ ദേശീയ ഗാനം ചൊല്ലി നിങ്ങൾക്ക് നിയമം നടപ്പാക്കില്ലെന്ന് പറയാൻ കഴിയുമോ? അതു സാദ്ധ്യമാണോ എന്നറിയാൻ നിങ്ങൾ നിയമ വിദഗ്ദ്ധരുമായി, അഡ്വക്കേറ്റ് ജനറലുമായി ആലോചിക്കുക. മുഖ്യമന്ത്രിമാർക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ല - മോദി പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് തുടങ്ങിയവർ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യുവിന് മുൻതൂക്കമുള്ള ബീഹാറും അടക്കം ഒൻപത് സംസ്ഥാനങ്ങൾ നിയമം നടപ്പാക്കില്ലെന്നാണ് സൂചന. പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കേണ്ട ഭരണഘടനാ ബാദ്ധ്യത നിറവേറ്റിയില്ലെങ്കിൽ ഈ സംസ്ഥാനങ്ങളെ പിരിച്ചുവിടാൻ സാദ്ധ്യതയുണ്ടെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

പ്രസംഗത്തിൽ സി.പി.എമ്മിനെ കടന്നാക്രമിച്ച മോദി രാജ്യത്ത് ചിലയിടങ്ങളിൽ മാത്രമൊതുങ്ങിയ പാർട്ടി മുൻപ് നിയമത്തെ അനുകൂലിച്ചിരുന്നതായി പറഞ്ഞു. മത പീഡനങ്ങളെ തുടർന്ന് ബംഗ്ളാദേശ് വിട്ടു വരുന്ന അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടിരുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരിൽ പാർട്ടി നിലപാട് മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു .

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബംഗ്ളാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് പറഞ്ഞ ആളാണ്. ഇക്കാര്യം അവർ പാർലമെന്റിലും ഉന്നയിച്ചു. ഇപ്പോൾ മലക്കം മറിഞ്ഞ ദീദി പൗരത്വ ബില്ലിനും എൻ.ആർ.സിക്കുമെതിരെ യു.എന്നിൽ വരെ പോയെന്നും മോദി പറഞ്ഞു.

പ്രചോദനം ഗാന്ധിജി

ദേശീയ പൗരത്വ ബില്ലിന്റെ ആവിഷ്‌കർത്താവ് നരേന്ദ്ര മോദിയില്ല. അതിന്റെ ആവശ്യതക ആദ്യം ചൂണ്ടിക്കാട്ടിയത് ഗാന്ധിജിയാണ്. പാകിസ്ഥാനിൽ നിന്ന് ഹിന്ദുക്കളും സിക്കുകാരും മടങ്ങിയെത്തുമ്പോൾ സ്വാഗതം ചെയ്യണമെന്നും ഇന്ത്യൻ പൗരത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു. എതിർക്കുന്നവർ മോദിയെ കേൾക്കേണ്ട, ഗാന്ധിജിയെ അനുസരിച്ചാൽ മതി. പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളിലേറെയും ദളിതരാണെന്ന സത്യം ദളിത് നേതാക്കൾ മനസിലാക്കണം.