modi

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി വിശദീകരിക്കുന്നതിനൊപ്പം,​ ഡൽഹിയിൽ രണ്ടുമാസത്തിനുള്ളിൽ നടക്കാനിടയുള്ള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് നാന്ദി കുറിക്കുന്നത് കൂടിയായിരുന്നു രാംലീല മൈതാനത്ത് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന വിശാല റാലി. അനധികൃത കോളനികൾക്ക് അംഗീകാരം നൽകിയ കേന്ദ്ര നിയമം നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യ പ്രചാരണായുധമാകുമെന്ന സൂചനയും മോദി റാലിയിൽ നൽകി.

കൊടും തണുപ്പിനെ അവഗണിച്ച് ആയിരക്കണക്കിന് ജനങ്ങളാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ ഓൾഡ് ഡൽഹിയിലെ ദരിയാഗഞ്ചിന് സമീപമുള്ള രാംലീലാ മൈതാനത്ത് മോദിയുടെ പ്രസംഗം കേൾക്കാൻ എത്തിയത്. 1731 അനധികൃത കോളനികൾക്ക് അംഗീകാരം നൽകിയ പ്രധാനമന്ത്രിക്ക് 40 ലക്ഷത്തോളം വരുന്ന കോളനി നിവാസികൾ നന്ദി പ്രകടിപ്പിക്കാൻ ഒരുക്കിയ വേദി എന്ന ആമുഖത്തോടെയാണ് ബി.ജെ.പി പരിപാടി തുടങ്ങിയത്. 11 ലക്ഷം കോളനി നിവാസികൾ ഒപ്പിട്ട നന്ദി പ്രമേയം വേദിയിൽ പ്രധാനമന്ത്രിക്ക് കൈമാറി. രാംലീല മൈതാനം മറ്റൊരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മോദി പറഞ്ഞു. ചിലർ അറുത്തുമാറ്റിയ അവകാശങ്ങൾ ഡൽഹിയിലെ ജനങ്ങൾക്ക് തിരികെ ലഭിച്ചു. വർഷങ്ങളായി അവഗണനസഹിക്കുന്ന വലിയൊരു വിഭാഗത്തിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമം സഹായകമാകും. ജനങ്ങളെ ഇതുവരെ തിരഞ്ഞെടുപ്പ് കാലത്ത് ചിലർ കള്ള വാഗ്‌ദാനങ്ങൾ നൽകി വഞ്ചിക്കുകയായിരുന്നു. ബുൾഡോസറുകളെ അവർ ഭയപ്പെട്ടു. ഇനിയവർക്ക് ആരെയും പേടിക്കാതെ ജീവിക്കാം.

ഡൽഹിയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ കഷ്‌ടപ്പെടുമ്പോൾ അധികാരത്തിലിരുന്നവർ അതുകണ്ടില്ലെന്നും ആംആദ്മി സർക്കാരിനെ വിമർശിച്ചുകൊണ്ട് മോദി പറഞ്ഞു. സാധാരണക്കാർ കിടപ്പാടമില്ലാതെ കഷ്‌ടപ്പെടുമ്പോൾ അവർ 2000 ബംഗ്ളാവുകൾ ഉണ്ടാക്കി സ്വന്തക്കാർക്കു നൽകി. വി.ഐ.പികളെ മാത്രമാണ് അവർ പരിഗണിച്ചത്. എന്നാൽ മോദി സർക്കാർ സാധാരണക്കാരെ വി.ഐ.പികളാക്കി മാറ്റി. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, ഹർഷവർദ്ധൻ, ഹർദേവ് സിംഗ് പുരി, ഡൽഹി എം.പിമാരായ മീനാക്ഷി ലേഖി, ഗൗതം ഗംഭീർ, സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തീവാരി തുടങ്ങിയ നേതാക്കളും റാലിയിൽ പങ്കെടുത്തു.

പ്രതിഷേധവും സംഘർഷവും കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയിരുന്നു. ഓൾഡ് ഡൽഹിയിലേക്കുള്ള എല്ലാ റോഡുകളും രാവിലെ അടച്ചു. ഞായറാഴ്‌ച ആയതിനാൽ ഓൾഡ് ഡൽഹിയിലെ കച്ചവട സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. 11.30ന് തുടങ്ങാൻ തീരുമാനിച്ചിരുന്ന റാലിയിൽ തണുപ്പ് മൂലം തുടക്കത്തിൽ ജനം കുറവായിരുന്നെങ്കിലും പിന്നീട് മൈതാനം നിറഞ്ഞു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ മാത്രമാണ് സംഘാടകർ കൊണ്ടുവന്നതെന്നതും ശ്രദ്ധേയമായി.

2015 ജനുവരിയിലാണ് അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആംആദ്‌മി സർക്കാർ 70ൽ 67 സീറ്റിലും ജയിച്ച് ഡൽഹിയിൽ അധികാരമുറപ്പിച്ചത്. ഫെബ്രുവരിയിൽ നിയമസഭയുടെ കാലാവധി തീരുമെന്നതിനാൽ അടുത്ത മാസം ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കും.