kc-venugopal

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും, കോൺഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന കാപട്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയതും, പ്രതിഷേധിക്കുന്നവരുടെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്ന് വർഗീയ പരാമർശം നടത്തിയതും പ്രധാനമന്ത്രിയാണ്.

സമാധാനപരമായി സമരം ചെയ്യുന്ന ലക്ഷക്കണക്കിന് പൗരന്മാരും അർബൻ മാവോയിസ്റ്റുകളും കുഴപ്പക്കാരാണെന്ന പ്രസ്താവന രാജ്യത്തെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ വിഭാഗീയ അജണ്ടകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ നട്ടാൽ കുരുക്കാത്ത നുണകളാണ് നരേന്ദ്ര മോദി വിളിച്ചു പറയുന്നത്. സമാധാനപരമായി സമരം ചെയ്‌തവരെ തല്ലിച്ചതയ്‌ക്കുന്ന സർക്കാരിന് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് താത്പര്യം. വിമർശനങ്ങളും, പ്രതിഷേധങ്ങളും ഉണ്ടാകുമ്പോൾ പ്രധാനമന്ത്രി കപട രാജ്യസ്‌നേഹത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണ് എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.