ബീഹാറിൽ നിന്ന് അടർത്തിയെടുത്ത, 81 സീറ്റുകൾ മാത്രമുള്ള ജാർഖണ്ഡിന്റെ ഒൻപതു വർഷത്തെ ചരിത്രത്തിൽ തുടർച്ചയായി ആരെയും ഭരിക്കാൻ അവിടത്തുകാർ അനുവദിച്ചിട്ടില്ല. മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ ഭരണവിരുദ്ധ തരംഗത്തിന്റെയും ഒന്നിടവിട്ട് വ്യത്യസ്ത മുന്നണികളെ തുണയ്ക്കുന്ന പതിവിന്റെയും വിശദീകരണം നൽകി ബി.ജെ.പിക്ക് കൈ കഴുകാൻ പറ്റുമായിരുന്നു ജാർഖണ്ഡിൽ. പക്ഷേ മഹാരാഷ്ട്ര പിറകെ ഒരു സംസ്ഥാനം കൂടി കൈവിടുന്നതും ദേശീയ പൗരത്വ ഭേദഗതി നിയമം സൃഷ്ടിച്ച വ്യാപക പ്രതിഷേധവും ചേർത്തു വയ്ക്കുമ്പോൾ ജാർഖണ്ഡ് ബി.ജെ.പിക്ക് നൽകുന്നത് തിരിച്ചടിയുടെ കയ്പുനീർ. 2014ൽ കേന്ദ്രത്തിൽ അധികാരമുറപ്പിച്ച ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭരണം പിടിച്ചെടുത്ത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര ജാർഖണ്ഡും രണ്ടാംവരവിൽ നഷ്ടപ്പെടുന്നത് നരേന്ദ്രമോദിക്കും കൂട്ടർക്കുമുള്ള ശക്തമായ മുന്നറിയിപ്പു കൂടിയാണ്. ഹരിയാനയിൽ കഷ്ടപ്പെട്ടാണ് അധികാരം നിലനിറുത്തിയത്. ദേശീയപൗരത്വ നിയമത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിൽ ഒന്നിച്ച കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന്റെ കുതിപ്പിന് പുതിയ ഊർജ്ജവും ജാർഖണ്ഡ് ഫലം നൽകുന്നു.
രാഷ്ട്രീയ അസ്ഥിരതയുടെ ജാർഖണ്ഡ്
2000ത്തിൽ ആദ്യ നിയമസഭ മുതൽ ഇങ്ങോട്ട് രാഷ്ട്രീയപരമായി അസ്ഥിരമാണ് റാഞ്ചി നിയമസഭ (നാലു നിയമസഭ; പത്ത് മുഖ്യമന്ത്രിമാർ). ജെ.എം.എമ്മിന്റെ ഷിബു സോറനും ബി.ജെ.പിയുടെ അർജുൻമുണ്ട മൂന്നുതവണ വീതം മുഖ്യമന്ത്രിമാരായി. മൂന്നുതവണ രാഷ്ട്രപതിപതി ഭരണത്തിലൂടെയും കടന്നു പോയി (2009, 2010,2013). നിലവിൽ മുഖ്യമന്ത്രിയായ ബി.ജെ.പി നേതാവ് രഘുബർ ദാസ് മാത്രമാണ് ഒറ്റയ്ക്ക് അഞ്ചുവർഷം പൂർത്തിയാക്കിയത്. സംസ്ഥാന രൂപീകരണത്തിന് ശേഷം നല്ല വേരോട്ടമുണ്ടാക്കിയ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പുകളിൽ 20ശതമാനത്തിൽ കുറയാത്ത വോട്ടുകൾ ലഭിച്ചിട്ടുണ്ട്. പത്തിലധികം സീറ്റുകൾ നഷ്ടമായെങ്കിലും ബി.ജെ.പി ഇക്കുറിയും 33 ശതമാനം വോട്ടുകൾ നേടി. 2014ൽ 37 സീറ്റിൽ വിജയിച്ച് അധികാരത്തിലെത്തിയത് 31.26 ശതമാനം വോട്ടുമായാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 14ൽ 11 സീറ്റിലും ബി.ജെ.പി ജയിച്ചു. മഹാമുന്നണിക്ക് നേതൃത്വം നൽകുന്ന, ഇപ്പോഴത്തെ ഏറ്റവും വലിയ കക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് 19 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
സംസ്ഥാനത്തെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നത് ജാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം), ജാർഖണ്ഡ് വികാസ് മോർച്ച(ജെ.വി.എം), ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ പാർട്ടി(എ.ജെ.എസ്.യു.പി) തുടങ്ങിയ പ്രാദേശിക പാർട്ടികളാണ്. 2.26 കോടി വോട്ടർമാരും 81 സീറ്റുകളും (ഒരു നോമിനേറ്റഡ് സീറ്റ് അടക്കം 82) മാത്രമുള്ള സംസ്ഥാനത്ത് ഈ പാർട്ടികൾ നേടുന്ന വോട്ടുകളും ജയിക്കുന്ന സീറ്റുകളും തിരഞ്ഞെടുപ്പിന് ശേഷം ട്വിസ്റ്റുകളുണ്ടാക്കുന്നതും പതിവാണ്. 26 ശതമാനം വരുന്ന ആദിവാസി വോട്ടർമാരുടെ പിന്തുണ നിർണായകമാണിവിടെ.
2014ൽ കേവല ഭൂരിപക്ഷത്തിനുള്ള 42 സീറ്റുകൾ ആർക്കും ലഭിച്ചിരുന്നില്ല. 37 സീറ്റു നേടിയ ബി.ജെ.പിയുടെ രഘുബർ ദാസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ജാർഖണ്ഡ് വികാസ് മോർച്ചയുടെ (ജെ.വി.എം) ആറുപേരെ പാളയത്തിലെത്തിച്ച് ഭൂരിപക്ഷമുറപ്പിച്ചത്.
തിരിച്ചടിയുടെ പാഠങ്ങൾ
മോദി തരംഗം വീശിയ 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ് സംഖ്യത്തിൽ നിന്ന് പിടിച്ചെടുത്ത ഭരണം നിലനിറുത്താമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. മഹാരാഷ്ട്രയെ പോലെ ജാർഖണ്ഡിലും പ്രതീക്ഷകൾ തകിടം മറിഞ്ഞു. എങ്കിലും കോൺഗ്രസ്-ജെ.എം.എം സഖ്യത്തിന് ഫലം തൂത്തുവാരാനാകാത്തത് ഗ്രാമങ്ങളിൽ നടപ്പാക്കിയ പി.എം കിസാൻ, പി.എം. ആവാസ് യോജ്ന, ഉജ്ജ്വല യോജന തുടങ്ങിയ കേന്ദ്ര പദ്ധതികളിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം മൂലമെന്ന് ബി.ജെ.പി വാദിച്ചേക്കാം.
വോട്ടെടുപ്പ് സമയത്ത് ചർച്ചയായ ദേശീയ പൗരത്വഭേദഗതി നിയമവും കാർഷിക പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. അഞ്ചുവർഷത്തിനിപ്പുറവും ജാർഖണ്ഡ് ആദിവാസി മേഖലകളിൽ നക്സൽ പ്രസ്ഥാനങ്ങൾക്കുള്ള സ്വാധീനം കുറയ്ക്കാൻ ബി.ജെ.പി സർക്കാരിന് കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ജൂണിൽ നക്സൽ ആക്രമണത്തിൽ കുക്കുരു മേഖലയിൽ ആറ് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്രയുടെ ടെൻഷനിലായിരുന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന് ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് ഗോദ ചൂടായ സമയത്ത് ശ്രദ്ധ ചെലുത്താനുമായില്ല. മുഖ്യമന്ത്ര്രി രഘുബർ ദാസും ദേശീയ നേതൃത്വവും തമ്മിലുള്ള സൗന്ദര്യപ്പിണക്കവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രധാന മന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും റാലികൾ നടത്തിയെങ്കിലും ആത്മവിശ്വാസം അത്രയ്ക്കുണ്ടായിരുന്നില്ല.
കോൺഗ്രസ്-ജെ.എം.എം മുന്നണി
2014ൽ കേന്ദ്രത്തിൽ യു.പി.എ സർക്കാരിന്റെ പതനത്തിന് ശേഷം ഉത്തരേന്ത്യയിൽ വ്യാപകമായി തിരിച്ചടി നേരിട്ട കോൺഗ്രസിന് ഒരു തിരിച്ചുവരവിന് ഊർജ്ജം നൽകുന്നതാണ് ജാർഖണ്ഡിലെ വിജയം. അടുത്ത കാലത്ത് ദുർബലമായെങ്കിലും കോൺഗ്രസിനും വേരോട്ടമുള്ള സംസ്ഥാനമാണ് ജാർഖണ്ഡ്. ജെ.എം.എമ്മിനൊപ്പം അയൽസംസ്ഥാനമായ ബീഹാറിലെ പ്രധാന പാർട്ടിയായ ആർ.ജെ.ഡിയെയും ചേർത്ത് മഹാമുന്നണിയുണ്ടാക്കിയതും ഗുണം ചെയ്തു.