ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ റാണി ഝാൻസി റോഡിലെ ലെതർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 43 പേർ മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പ് വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ കിരാരിയിൽ തുണി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 9 പേർ മരിച്ചു .മരിച്ചവരിൽ 3 പേർ കുട്ടികളാണ്. പരിക്കേറ്റ പത്തുപേരെ ഡൽഹി സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച അർദ്ധരാത്രിയാണ് സംഭവം.
മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. മുകളിലത്തെ നിലകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളിലുള്ളവരാണ് മരിച്ചതെന്നാണ് അറിയുന്നത്.ഗോഡൗണിൽ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിൽ നിന്ന് പുറത്തു കടക്കാൻ ഒരു ഗോവണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ഗോവണിക്ക് സമീപം സൂക്ഷിച്ചിരുന്ന എൽ.പി.ജി ഗ്യാസ് പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടി. തീ അണയ്ക്കാനുള്ള സംവിധാനമോ സുരക്ഷാ ഉപകരണങ്ങളോ ഇവിടെ സൂക്ഷിച്ചിരുന്നില്ല. പരിക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്കു മാറ്റി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്നും ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു.ഒരാഴ്ച മുമ്പാണ് റാണി ഝാൻസി റോഡിൽ പ്രവർത്തിച്ച ലെതർ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ 43 പേർ മരിച്ചത്.