jharkhand

 ഒരു വർഷത്തിന്ടെ ബി.ജെ.പിയെ കൈവിട്ട അഞ്ചാമത്തെ സംസ്ഥാനം

ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ ബി.ജെ.പിയെ കൈവിടുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും അടങ്ങിയ മഹാസഖ്യം വിജയം നേടിയ ജാർഖണ്ഡ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം രണ്ട് മാസം മുമ്പ് മഹാരാഷ്‌ട്രയും ഇപ്പോൾ ജാർഖണ്ഡും ബി.ജെ.പിക്ക് നഷ്‌ടമായത്. ഹരിയാനയിൽ ദുഷ്യന്ത് ചൗത്താലയുടെ ജൻനായക് ജനതാ പാർട്ടിയുടെ സഹായം ലഭിച്ചതിനാൽ മാത്രം കഷ്‌ടിച്ച് ഭരണം നിലനിറുത്താനായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആധിപത്യം പുലർത്തിയ ബി.ജെ.പി സംസ്ഥാനങ്ങളിൽ പതറുന്ന കാഴ്ച ജാർഖണ്ഡിലും കണ്ടു. 2019 മേയിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 300ലേറെ സീറ്റുകളിൽ ഒറ്റയ്ക്ക് നേടിയ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിൽ ജമ്മുകാശ്‌‌മീരിന് പ്രത്യേകപദവി അനുവദിച്ച 370-ാം വകുപ്പ് എടുത്തു കളഞ്ഞും ദേശീയ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നും തങ്ങളുടെ പ്രഖ്യാപിത അജണ്ടകൾ നടപ്പാക്കുന്നതിനിടെയാണ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വരുന്നത്. കേന്ദ്ര നയങ്ങളും സാമ്പത്തിക മാന്ദ്യം, കാർഷിക പ്രതിസന്ധി തുടങ്ങിവയും പ്രതികൂല ഘടകങ്ങളായി.

ദേശീയ തലത്തിൽ കോൺഗ്രസ് നേതൃപരമായ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ മുഖ്യ പ്രതിപക്ഷത്തിന്റെ അഭാവം ബി.ജെ.പിക്ക് നേട്ടമാണ്. എന്നാൽ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളടക്കം ബി.ജെ.പിക്ക് മുക്കു കയറിടുന്ന കാഴ്ച നിയമസഭാ തിരഞ്ഞെടുപ്പുകൾ കാണിച്ചു തരുന്നു. മഹാരാഷ്‌ട്രയിൽ ശിവസേനയും ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തി മോർച്ചയും ബി.ജെ.പി സർക്കാരിനെ താഴെയിറക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇതിൽ ശിവസേന എൻ.ഡി.എ മുന്നണി വിട്ട് ബി.ജെ.പി വിരുദ്ധ മുന്നണിയിൽ ചേർന്നുവെന്ന കൗതുകവുമുണ്ട്. മഹാരാഷ്‌ട്രയിൽ എൻ.സി.പി നേതാവ് ശരത് പവാറിന്റെ സാന്നിദ്ധ്യവും നിർണായകമായി.

ഹരിയാനയിൽ പ്രാദേശിക കക്ഷിയായ ജനനായക് ജനതാ പാർട്ടിയുടെ സഹായം വേണ്ടി വന്നു ബി.ജെ.പിക്ക് അധികാരം നിലനിറുത്താൻ. 2018 മേയിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. കോൺഗ്രസ്-ജെ.ഡി.എസ് മുന്നണി ആദ്യം സർക്കാരുണ്ടാക്കി. പിന്നീട് അവർക്കുള്ളിൽ പിളർപ്പുണ്ടാക്കി ഭരണം തിരിച്ചു പിടിക്കേണ്ടി വന്നു. മഹാരാഷ്‌ട്രയിൽ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരണ ശ്രമങ്ങളിൽ മുന്നിലായിരുന്നെങ്കിൽ ജാർഖണ്ഡിൽ അതിനും അവസരം ലഭിച്ചില്ല.

രണ്ടു മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിലാണ് ബി.ജെ.പിക്ക് അടുത്ത പരീക്ഷണം നേരിടേണ്ടത്. 2014ൽ മോദി തരംഗത്തിലൂടെ കേന്ദ്രത്തിൽ അധികാരമേറ്റ ബി.ജെ.പിക്ക് 2015 ജനുവരിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്‌മി പാർട്ടി നടത്തിയ തേരോട്ടം വലിയ നാണക്കേടായിരുന്നു. ഡൽഹി പിടിക്കാൻ കച്ചകെട്ടുന്ന ബി.ജെ.പി അഞ്ചു വർഷത്തിനിപ്പുറവും കേജ്‌രിവാൾ ജനസമ്മതനാണെന്ന വസ്‌തുത മുന്നിൽക്കണ്ട് അനധികൃത കോളനികൾക്ക് അംഗീകാരം നൽകുന്ന നിയമം നടപ്പാക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. ഡൽഹി കഴിഞ്ഞ് പശ്‌ചിമ ബംഗാളിൽ തൃണമൂലിനെയും മമതാ ബാനർജിയെയും കടത്തി വെട്ടി ഭരണം പിടിക്കാനുള്ള ദുഷ്‌കര ദൗത്യവും പാർട്ടിക്കു മുന്നിലുണ്ട്.