ന്യൂഡൽഹി: തെലങ്കാനയിൽ പൊലീസ് വെടിവച്ചു കൊന്ന നാല് പ്രതികളുടെ മൃതദേഹങ്ങൾ ഡൽഹി എയിംസിൽ നിന്നുള്ള ഡോക്‌ടർമാർ രണ്ടാം പോസ്‌റ്റ്മാർട്ടത്തിന് വിധേയമാക്കി. എയിംസിലെ ഫോറൻസിക് സയൻസ് വിഭാഗം മേധാവി ഡോ.സുധീർ ഗുപ്‌തയുടെ നേതൃത്വത്തിൽ മൂന്ന് ഡോക്‌ടർമാർ ഹൈദരാബാദിലെത്തിയാണ് പോസ്‌റ്റ്മാർട്ടം നിർവ്വഹിച്ചത്. സെക്കന്തരാബാദ് ഗാന്ധി ആശുപത്രിയിൽ രണ്ടുമണിക്കൂർ നീണ്ട പോസ്‌റ്റ്മാർട്ടം നടപടികൾ മുഴുവൻ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
യുവ വെറ്റിനറി ഡോക്‌ടർ ദിശയെ മാനഭംഗത്തിനു ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഡിസംബർ ആറിന് തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവെ വെടിവച്ചു കൊന്നിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന പരാതിയെ തുടർന്ന് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവു പ്രകാരമാണ് രണ്ടാം പോസ്റ്റ്മാർട്ടം.