ന്യൂഡൽഹി: എ.ഐ.സി.സി നേതാക്കൾ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി സമാധിയായ രാജ്ഘട്ടിൽ സത്യാഗ്രഹമിരുന്ന് ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് മൂന്നു മുതൽ രാത്രി എട്ടു മണി വരെ നടത്തിയ സത്യാഗ്രഹത്തിൽ മുൻ പ്രധാനമന്തി മൻമോഹൻസിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.എല്ലാവർക്കും തുല്ല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ ആമുഖം സോണിയ ഉൾപ്പെടെ വായിച്ചു. എ.കെ. ആന്റണി മലയാളത്തിലാണ് ഭരണഘടന വായിച്ചത്.ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളെ ഒറ്റക്കെട്ടായി തോൽപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കൾ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. ശത്രുക്കളുടെ പരാജയപ്പെട്ട ദൗത്യം മോദി സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. യുവാക്കൾക്ക് തൊഴിൽ ലഭിക്കാത്തതിന് ഉത്തരം പറയാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. പകരം വിദ്വേഷം പടർത്താനാണ് നീക്കമെന്നും രാഹുൽ പറഞ്ഞു.
പ്രതിഷേധ കടലായി ചെന്നൈ പ്രതിപക്ഷ റാലിക്ക് പതിനായിരങ്ങൾ
ചെന്നൈ: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ ചെന്നൈ നഗരത്തെ സ്തംഭിപ്പിച്ച് അഭൂതപൂർവമായ ജനപങ്കാളിത്തവുമായി ഡി.എം.കെയുടെ മഹാറാലി നടന്നു. കോൺഗ്രസ്, എം.ഡി.എം.കെ, സി.പി.എം, മുസ്ലിം സംഘടനകൾ, വിടുതലൈ ചിരുത്തഗൈ കക്ഷി തുടങ്ങി പ്രതിപക്ഷ സഖ്യത്തിലുള്ള 15 പാർട്ടികളും മാർച്ചിൽ പങ്കെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ കർശന ഉപാധികളോടെ നടന്ന റാലിയിൽ അമ്പതിനായിരത്തോളം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക നിഗമനം.
ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിൻ, കോൺഗ്രസ് നേതാവ് പി.ചിദംബരം, എം.ഡി.എം.കെ അദ്ധ്യക്ഷൻ വൈക്കോ, സി.പി.എം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
നടൻ കമലഹാസന്റെ പാർട്ടിയായ മക്കൾ നീതി മെയ്യവും റാലിയുമായി സഹകരിക്കുന്നുണ്ടെങ്കിലും അദ്ദേഹം റാലിക്കെത്തിയില്ല. ചികിത്സയ്ക്കായി കമൽ വിദേശത്തേക്ക് പോയെന്നാണ് പാർട്ടി നേതൃത്വം ഡി.എം.കെയെ അറിയിച്ചത്. നഗരത്തിൽ റാലി നടത്താൻ സർക്കാർ അനുമതി നിഷേധിച്ചിരുന്നുവെങ്കിലും ഹൈക്കോടതിയിൽ രാത്രി വരെ നീണ്ട വാദത്തിനൊടുവിലാണ് ഡി.എം.കെ അനുവാദം നേടിയെടുത്തത്. 5000 പേരടങ്ങുന്ന വൻ പൊലീസ് സന്നാഹമാണ് നഗരത്തിൽ വിന്യസിക്കപ്പെട്ടത്.
പോണ്ടിച്ചേരി: റാങ്ക് ജേതാവിനെ ഹാളിനു പുറത്താക്കിയതായി ആരോപണം
ചെന്നൈ: പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്ട്രപതി പങ്കെടുത്ത ബിരുദദാനച്ചടങ്ങിനിടെ റാങ്ക് ജേതാവിനെ ഹാളിനു പുറത്താക്കിയതായി ആരോപണം. എം.എ മാസ് കമ്മ്യൂണിക്കേഷൻ സ്വർണ മെഡൽ ജേതാവും മലയാളിയുമായ റബീഹ അബ്ദുൽ റഹീമിനെയാണു രാഷ്ട്രപതിയെത്തുന്നതിനു മിനിറ്റുകൾക്കു മുൻപ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി പുറത്തേക്കു കൊണ്ടുപോയത്.
സർവകലാശാല കാമ്പസിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ബിരുദധാനം. ജവാഹർ ലാൽ നെഹ്റു ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ഹാളിലിരിക്കുകയായിരുന്ന റബീഹയോട് സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്കു പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഹിജാബ് ധരിച്ചതുകൊണ്ടാണു പുറത്തുപോകാൻ ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ തന്നോട് ആരും ഹിജാബ് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് റബീഹ വ്യക്തമാക്കി.
ഏതാനും വിദ്യാർഥികൾക്കു മാത്രം മെഡൽ സമ്മാനിച്ച് രാഷ്ട്രപതി തിരികെ പോയതിനു ശേഷമാണ് റബീഹയെ പിന്നീട് ഹാളിലേക്കു കടത്തിവിട്ടത്. തന്നെ ഹാളിൽ നിന്നു പുറത്താക്കിയതിലുള്ള പ്രതിഷേധം ചടങ്ങിനിടെ വൈസ് ചാൻസിലറെ അറിയിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോയും റബീഹ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.