ന്യൂഡൽഹി: പൗരത്വ ബില്ലിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 'സുഡാനി ഫ്രം നൈജീരിയ' സിനിമയുടെ അണിയറ പ്രവർത്തകർ ഇന്നലെ ദേശീയ ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങ് ബഹിഷ്‌കരിച്ചു. മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിലെ അഭിനയത്തിന് നടി സാവിത്രി ശ്രീധരന് പ്രത്യേക പരാമർശവും ലഭിച്ചിരുന്നു.
അതേസമയം മലയാള സിനിമയ്‌ക്ക് ലഭിച്ച മറ്റ് അവാർഡുകൾ ബന്ധപ്പെട്ടവർ ഏറ്റുവാങ്ങി. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവാണ് 66-ാമത് ദേശീയ അവാർഡുകൾ വിതരണം ചെയ്‌തത്.
തെലുങ്കു ചിത്രമായ 'മഹാനടി'യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കീർത്തി സുരേഷ്, ജോസഫിലെ അഭിനയത്തിനു പ്രത്യേക പരാമർശം നേടിയ നടൻ ജോജു ജോർജ്, ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം എം.ജെ. രാധാകൃഷ്ണനു വേണ്ടി ഭാര്യ സി.എൽ. ശ്രീലത, സിനിമാ പുസ്തകത്തിനുള്ള പുരസ്‌കാരം എസ്. ജയചന്ദ്രൻ നായർക്കു വേണ്ടി കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി ബി. മഹേഷ്, മികച്ച സിനിമാ വിമർശനത്തിന് ബ്ലെയ്‌സ് ജോണി, മികച്ച ശബ്ദലേഖനത്തിന് എം.ആർ.രാജാകൃഷ്ണൻ, മികച്ച പ്രൊഡക്‌ഷൻ ഡിസൈന് വിമേഷ് ബങ്കളം എന്നിവരാണ് അവാർഡ് സ്വീകരിച്ചത്.
സുഡാനിയുടെ സംവിധായകൻ സക്കറിയ മുഹമ്മദ്, സഹ തിരക്കഥാകൃത്ത് മുഹസിൻ പരാരി, നിർമാതാക്കളായ സമീർ താഹിർ, ഷൈജു ഖാലിദ്, നടി സാവിത്രി ശ്രീധരൻ എന്നിവരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്.