ന്യൂഡൽഹി :പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാൻ യു.പിയിലെ മീററ്റിലെത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പൊലീസ് തടഞ്ഞു. ഇന്നലെ രാവിലെ റോഡ് മാർഗമാണ് രാഹുലും പ്രിയങ്കയും മീററ്റിലേക്ക് പുറപ്പെട്ടത്. എന്നാൽ ഉച്ചയ്ക്ക് മീററ്റിലെത്തുന്നതിന് തൊട്ട് മുൻപ് ഡൽഹി - മീററ്റ് ഹൈവേയിൽ ഇരുവരേയും പൊലീസ് തടഞ്ഞു. 'പൊലീസിനോട് എന്തെങ്കിലും ഉത്തരവുണ്ടോ എന്ന് ഞങ്ങൾ ചോദിച്ചു. അവർ ഞങ്ങളെ ഒരു ഉത്തരവും കാണിച്ചില്ല, പക്ഷേ നിങ്ങൾ തിരിച്ചു പോകണമെന്ന് അവർ പറഞ്ഞു' - രാഹുൽ പറഞ്ഞു. ആ മേഖലയിൽ പ്രശ്‌ന സാദ്ധ്യത നിലവിലുണ്ടെന്നും അങ്ങോട്ട് പോകാൻ കഴിയില്ലെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. മൂന്ന് പേരുടെ സംഘങ്ങളായി പോകാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞെങ്കിലും പൊലീസ് അനുമതി നൽകിയില്ല. അവസാനം സന്ദർശന അനുമതി ഇല്ലെന്ന് എഴുതി നൽകിയ ശേഷമാണ് വാഹനങ്ങൾ ഡൽഹിയിലേക്ക് തിരിച്ചയച്ചത്. ഇരുവർക്കും മറ്റൊരു ദിവസം അനുമതി നൽകുമെന്നും പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം ബിജ്‌നോറിൽ പ്രതിഷേധത്തിൽ കൊല്ലപ്പെട്ട രണ്ടുപേരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായ ഉത്തർപ്രദേശിലെ ജില്ലകളിലൊന്നാണ് ബിജ്‌നോർ. പ്രതിഷേധത്തിൽ രാജ്യത്ത് കൊല്ലപ്പെട്ട 23 പേരിൽ 16 പേരും യു.പി സ്വദേശികളാണ്.