ന്യൂഡൽഹി: രാജ്യത്ത് പുതിയ ജനസംഖ്യാ കണക്കെടുപ്പ്(സെൻസസ്) നടത്താൻ 8,754.23 കോടി രൂപയും ഇതോടൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻ.പി.ആർ) പരിഷ്‌കരിക്കരണ നടപടികൾക്ക് 3,941.35 കോടി രൂപയും അനുവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ജനസംഖ്യാ കണക്കെടുപ്പ് സമയത്ത് പൗരന്മാർ ബയോമെട്രിക് രേഖകൾ നൽകേണ്ടതില്ല. കണക്കെടുപ്പ് സമയത്ത് വ്യക്തികൾ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാവും. പാസ്‌പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ താൽപ്പര്യമുണ്ടെങ്കിൽ നൽകാം.
രാജ്യം മുഴുവൻ പത്തു വർഷം കൂടുമ്പോൾ നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പ് നടപടികൾ 2021ൽ പൂർത്തിയാവും. അസാം ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്ത വർഷം ഏപ്രിൽ മുതൽ സെപ്‌തംബർ വരെയാണ് എൻ.പി. ആർ പരിഷ്‌കരിക്കുന്നത്. എൻ.പി.ആർ രജിസ്‌റ്റർ ജനസംഖ്യയുമായി ബന്ധപ്പെട്ട കണക്കാണെന്നും പൗരത്വ രേഖയല്ലെന്നും മന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ച കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. എൻ.പി.ആറും ദേശീയ പൗരത്വ രജിസ്‌റ്ററും(എൻ.ആർ.സി) രണ്ടാണ്. 2010ൽ യു.പി.എ സർക്കാർ ചെയ്‌ത നടപടികളുടെ ആവർത്തനം മാത്രമാണ് ഇത്തവണ നടക്കുകയെന്നും ജാവദേക്കർ പറഞ്ഞു.
കേരളത്തിന്റെ തീരുമാനം
നടപ്പാകില്ല:കേന്ദ്രമന്ത്രി
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എൻ.പി.ആർ രജിസ്‌റ്റർ പുതുക്കൽ നടപടികളിൽ നിന്ന് വിട്ടു നിൽക്കാനുള്ള കേരള,പശ്‌ചിമ ബംഗാൾ സർക്കാരുകളുടെ തീരുമാനം നടപ്പാകില്ലെന്ന് ജാവദേക്കർ ചൂണ്ടിക്കാട്ടി. ഈ സംസ്ഥാനങ്ങൾ വിജ്ഞാപനം പുറത്തിറക്കുകയും ഉദ്യോഗസ്ഥർക്ക് പരിശീലനം ആരംഭിക്കുകയും ചെയ‌്തിട്ടുണ്ട്.
2021സെൻസസ്:
സെൻസസ് ആദ്യമായി മൊബൈൽ ആപ്പ് വഴി. വിവരങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി നൽകാനും സൗകര്യം. വിവരങ്ങൾ ചേർത്ത് കണക്ക് പരിഷ്കരിക്കാൻ പ്രത്യേക വെബ്‌സൈറ്റ്.
ജനസംഖ്യാ വിവരങ്ങൾ പെട്ടെന്ന് ലഭിക്കുന്ന വിധം ലളിതമായി തയ്യാറാക്കും.
സെൻസസ് രണ്ടു ഘട്ടമായി: 2020 ഏപ്രിൽ മുതൽ സെപ്‌തംബർ വരെ ആദ്യ ഘട്ടത്തിൽ വീടുകളുടെ കണക്കെടുപ്പും പട്ടിക തയ്യാറാക്കലും, 2021 ഫെബ്രുവരി 9 മുതൽ 28 വരെ ജനസംഖ്യാ കണക്കെടുപ്പ്
ദേശീയ പൗരത്വ രജിസ്‌റ്റർ പുതുക്കുന്നതിനുള്ള കണക്കെടുപ്പ് നടപടികളും ഇതിനൊപ്പം.
കണക്കെടുപ്പിന് 30 ലക്ഷം എന്യൂമറേറ്റർമാർ
2011ലെ സെൻസസ് പ്രകാരം രാജ്യത്ത് 121 കോടി ജനങ്ങളുണ്ടെന്നാണ് കണക്ക്.
ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻ.പി.ആർ)
കഴിഞ്ഞ ആറ് മാസമായി ഒരേ സ്ഥലത്ത് താമസിക്കുന്ന വ്യക്തി,അല്ലെങ്കിൽ അടുത്ത ആറ് മാസമോ അതിലധികമോ കാലം അവിടെ താമസിക്കാൻ ഉദ്ദ്യേശിക്കുന്ന വ്യക്തിയുടെ പേര് ദേശീയ ജനസംഖ്യാ രജിസ്‌റ്ററിൽ രേഖപ്പെടുത്തും.
എല്ലാ ഇന്ത്യൻ പൗരൻമാരും ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ പേര് രേഖപ്പെടുത്തണം.
.
വിലാസം, ലിംഗം, ജനനത്തിയതി, ജനന സ്ഥലം, മാതാപിതാക്കളുടെ വിവരം, ഗൃഹനാഥനുമായുള്ള ബന്ധം, വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങിയവ രേഖപ്പെടുത്താൻ ആവശ്യമായ 15 ചോദ്യങ്ങൾക്കുള്ള ഉത്തരം തേടും