ന്യൂഡൽഹി: വധശിക്ഷക്കെതിരെ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജിയും രാഷ്ട്രപതിക്ക് ദയാഹർജിയും നൽകുമെന്ന് പ്രതികൾ. നിയമവഴികൾ പൂർണമായി അടയാതെ വധശിക്ഷ നടപ്പാക്കരുതെന്നും പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ തീഹാർ ജയിൽ അധികൃതരുടെ നോട്ടിസിന് നൽകിയ മറുപടിയിൽ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ മുകേഷ് സിംഗ് നോട്ടിസിന് മറുപടി നൽകിയില്ല. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പവൻ ഗുപ്ത നൽകിയ ഹർജി ഡൽഹി ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. വെറുതെ സമയം കളയരുത് എന്ന് പവൻ ഗുപ്തയുടെ അഭിഭാഷകനോട് ജഡ്ജി പറയുകയും ചെയ്തു. അക്ഷയ് സിംഗ് ഠാക്കൂർ നൽകിയ പുനപരിശോധനാ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനപരിശോധനാ ഹർജിയിൽ കൊണ്ടുവരാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിലയിരുത്തൽ. വധശിക്ഷ നടപ്പാക്കാൻ മരണവാറന്റ് നൽകുന്നതു സംബന്ധിച്ച് ഡൽഹി സർക്കാർ നൽകിയ ഹർജി പട്യാല ഹൗസ് അഡീഷണൽ സെഷൻസ് കോടതി ജനുവരി ഏഴിലേക്ക് മാറ്റി. വധശിക്ഷ നടപ്പാക്കാൻ വൈകുന്നതിൽ നിരാശയുണ്ടെന്ന് നിർഭയയുടെ അമ്മ പറഞ്ഞിരുന്നു.