atal-bihari

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മണാലിയെ കേന്ദ്ര ഭരണ പ്രദേശമായ ലെയുമായി ബന്ധിപ്പിക്കുന്ന 8.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഹ് താംഗ് പാസ് തുരങ്കത്തിന് അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരു നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 2000 ജൂൺ മൂന്നിനാണ് 3000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ തുരങ്കം നിർമ്മിക്കാനുള്ള തീരുമാനമെടുത്തത്.10.5 മീറ്റർ വീതിയിൽ രണ്ടു ലെയ്‌നുകളായി വാഹനങ്ങൾക്ക് കടന്നു പോകാവുന്ന തരത്തിലാണ് നിർമ്മാണം. അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാരെ ഒഴിപ്പിക്കാൻ തീപിടിക്കാത്ത പ്രത്യേക സമാന്തര പാതയും നിർമ്മിക്കുന്നുണ്ട്. തുരങ്കം പൂർത്തിയായാൽ മണാലിയിൽ നിന്ന് ലേയിലേക്കുള്ള യാത്രയിൽ 46 കിലോമീറ്റർ ദൂരം ലാഭിക്കാം. മഞ്ഞുകാലത്ത് നിലവിലെ റോഡ് അടച്ചിടുന്നത് മൂലമുള്ള യാത്ര ദുരിതവും ഒഴിവാകും. ബോർഡർ റോഡ്സ് ഒാർഗനൈസേഷനാണ് തുരങ്കം നിർമ്മിക്കുന്നത്. നിർമ്മാണം ഉടൻ പൂർത്തിയാകും.