ന്യൂഡൽഹി: റെയിൽവേ ബോർഡിനെ അഴിച്ചുപണിതും നിലവിലെ എട്ട് ഗ്രൂപ്പ് എ സർവീസുകളെ ലയിപ്പിച്ച് ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് (ഐ.ആർ.എം.എസ്) എന്നാക്കിയും ഇന്ത്യൻ റെയിൽവേ പുനഃസംഘടിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. 1905 മുതൽ ചെയർമാനും എട്ടു അംഗങ്ങളുമാണ് റെയിൽവേ ബോർഡിൽ ഉണ്ടായിരുന്നത്. നാല് സ്ഥിര അംഗങ്ങളെയും സ്വതന്ത്ര അംഗങ്ങളെയും ഉൾപ്പെടുത്തി അത് പരിഷ‌്‌കരിക്കും. നാല് സ്ഥിരഅംഗങ്ങളിൽ ഒരാൾ ചെയർമാൻ അല്ലെങ്കിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആകും. സോണൽ തലങ്ങളിൽ പ്രവർത്തിക്കുന്ന 27 ജനറൽ മാനേജർമാരെ കേന്ദ്ര സെക്രട്ടറി റാങ്കിലേക്ക് ഉയർത്തും. ഇതോടെ റെയിൽവേ സെക്രട്ടറിമാരുടെ എണ്ണം 7ൽ നിന്ന് 34 ആയി ഉയരും. റെയിൽവെ റിക്രൂട്ട്മെന്റ് ഇനി ഐ.ആർ.എം.എസിന് കീഴിലാവും. നടപടി ക്രമങ്ങൾ ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കും.
പരിഷ്‌കാരങ്ങൾ ഇങ്ങനെ:
സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥന് കീഴിൽ(റെയിൽവേ ബോർഡ് അംഗം) പ്രവർത്തിക്കുന്ന ട്രാഫിക്, സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, സിഗ്നൽ ആൻഡ് ടെലികോം, സ്റ്റോർസ്, പേഴ്സണൽ ആൻഡ് അക്കൗണ്ട്സ് തുടങ്ങിയ വിവിധ വകുപ്പുകൾ റെയിൽവേ മാനേജ്‌മെന്റ് സർവീസിനു (ഐ.ആർ.എം.എസ്) കീഴിൽ ഏകീകരിക്കും.
വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 8,400 റെയിൽവേ ഉദ്യോഗസ്ഥരും ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസിനു കീഴിലാകും
റെയിൽവേ ബോർഡ് ചെയർമാൻ (സി.ഇ.ഒ) ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് മേധാവിയും ആയിരിക്കും
റെയിൽവേ ബോർഡിലെ നാല് അംഗങ്ങൾക്ക് അടിസ്ഥാനസൗകര്യം, ഓപ്പറേഷൻസ്, ബിസിനസ് വിപുലീകരണം, കോച്ചുകൾ, ധനകാര്യം തുടങ്ങിയ ചുമതലകൾ നൽകും
ബോർഡിനെ സഹായിക്കാനുള്ള സ്വതന്ത്ര അംഗങ്ങളെ വ്യവസായ, ധനകാര്യ, സാമ്പത്തിക, മാനേജ്മെന്റ് രംഗങ്ങളിൽ 30 വർഷത്തെ പരിചയമുള്ള വ്യക്തികളിൽ നിന്ന് നിയമിക്കും.
''റെയിൽവേ ആധുനികവത്‌കരിക്കൽ, യാത്രക്കാരുടെ സുരക്ഷ, പ്രവർത്തന നിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്‌ക്കായി നിക്ഷേപിക്കുന്ന 50 ലക്ഷം കോടി രൂപ ഫലപ്രദമായി ഉപയോഗിക്കാൻ പുനഃസംഘടന അനിവാര്യമാണ്. ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും തീരുമാനങ്ങൾ ശരിയായി നടപ്പാക്കാനും പരിഷ്‌കരണം പ്രയോജനപ്പെടും. റെയിൽവേ പരിഷ്‌കരിക്കാൻ നിയമിച്ച വിവിധ സമിതികളുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
-റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ