ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനത്തിനിടെ ബിജ്നോറിൽ വെടിവയ്പ് നടത്തിയെന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി ബിജ്നോർ പൊലീസ്. രണ്ടുപേരാണ് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഇതിൽ 20 വയസുകാരനായ സുലൈമാനെ സ്വയം പ്രതിരോധത്തിന് വേണ്ടി ഒരു കോൺസ്റ്റബിൾ വെടിവച്ചിടുകയായിരുന്നുവെന്ന് ബിജ്നോർ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറഞ്ഞു. തട്ടിയെടുത്ത തോക്ക് തിരികെ വാങ്ങാൻ പോയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് കോൺസ്റ്റബിളിന് നേരെ ആരോ വെടിവച്ചു. അപ്പോൾ സ്വയം പ്രതിരോധത്തിന് വേണ്ടി തിരിച്ച് വെടിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനീസ് എന്ന് പേരുള്ള മറ്റൊരാൾ മരിച്ചത് ആൾക്കൂട്ടത്തിന്റെ വെടിയേറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പ്രതിഷേധക്കാർ നഗരത്തിൽ അക്രമം അഴിച്ച് വിടുന്നതിന്റെ ഒരു വീഡിയോയും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഉത്തർപ്രദേശ് പൊലീസ് മേധാവിയുടെ പ്രസ്താവനക്ക് നേർ വിപരീതമാണ് ബിജ്നോർ പൊലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ. പ്രതിഷേധക്കാർക്ക് നേരെ ഒരു വെടിപോലും വെച്ചിട്ടില്ലെന്നായിരുന്നു യു.പി ഡി.ജി.പി ഒ.പി. സിംഗ് പറഞ്ഞിരുന്നത്.