
ന്യൂഡൽഹി: കര, വ്യോമ, നാവിക സേനകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫിനെ (സി.ഡി.എസ്) നിയമിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സർക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാനായും, ഫോർ സ്റ്റാർ ജനറൽ പദവിയോടെയുള്ള സി.ഡി.എസ് പ്രവർത്തിക്കും. ഫസ്റ്റ് എമംഗ് ഈക്വൽസ് (തുല്യരിൽ ഒന്നാമൻ) എന്നാണ് സി.ഡി.എസ് അറിയപ്പെടുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പുതിയ ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. കരസേന മേധാവി ബിപിൻ റാവത്ത് ആദ്യ ചിഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ആകുമെന്നാണ് അഭ്യൂഹങ്ങൾ
സി.ഡി.എസിന്റെ കാലാവധി നിശ്ചയിച്ചിട്ടില്ല
കാർഗിലിന് ശേഷം ഉയർന്ന ആവശ്യം
1999ലെ കാർഗിൽ യുദ്ധത്തിന് ശേഷമാണ് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് വേണമെന്ന ആവശ്യം ഉയർന്നത്. പാകിസ്ഥാനി സൈനികർ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറി തന്ത്രപ്രധാനമായ ഇടങ്ങളിൽ നിലയുറപ്പിച്ചതിലെ സുരക്ഷാവീഴ്ചയാണ് ഇത്തരമൊരു ആവശ്യം ഉയർന്നുവരാൻ കാരണമായത്. ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. സൈനിക വിഭാഗങ്ങൾക്ക് ഇത്തരത്തിൽ പൊതുവായി ഒരു തലവനെ നിയോഗിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
.