bipin-rawath

ന്യൂഡൽഹി:കേന്ദ്രസർക്കാർ കൈകാര്യം ചെയ്യേണ്ട പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ രാഷ്‌ട്രീയച്ചുവയുള്ള പ്രസ്താവന നടത്തി കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വിവാദത്തിന് തിരികൊളുത്തി.

ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർ നേതാക്കളല്ലെന്നും അക്രമങ്ങളും കൊള്ളിവയ്‌പും നടത്താൻ ജനക്കൂട്ടത്തെ വിദ്യാ‌ർത്ഥികൾ നയിക്കുന്നത്

നല്ലതല്ലെന്നുമാണ് ബിപിൻ റാവത്ത് പറഞ്ഞത്.

രാഷ്‌ട്രീയത്തിന് അതീതനും നിഷ്‌പക്ഷനും ആയിരിക്കേണ്ട കരസേനാ മേധാവി, സിവിലിയൻ ഗവൺമെന്റിന്റെ പരമാധികാരത്തിൽ വരുന്ന രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ പറ്റി രാഷ്‌ട്രീയച്ചുവയുള്ള പരാമർശങ്ങൾ നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു.

കരസേനാ മേധാവി പദവിയിൽ നിന്ന് ഈമാസം 31ന് വിരമിക്കുന്ന ജനറൽ റാവത്ത്, മൂന്ന് സേനകളുടെയും സംയുക്തമേധാവിയായി (ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ) നിയമിക്കപ്പെടാൻ സാദ്ധ്യതയുള്ള വ്യക്തിയാണ്. അത്രയും ഉന്നതനായ ഓഫീസർ നടത്തിയ രാഷ്‌ട്രീയ പ്രസ്‌താവന ദുസൂചനയാണെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.

ഡൽഹിയിൽ ഒരു ആരോഗ്യ സമ്മേളനത്തിലാണ് റാവത്തിന്റെ വിവാദ പ്രസ്‌താവന.കേന്ദ്രസർക്കാരിന് അനുകൂലമായ പ്രസ്‌താവനകൾ റാവത്ത് മുമ്പും നടത്തിയിട്ടുണ്ട്.

റാവത്ത് പറഞ്ഞത്

''ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർ നേതാക്കളല്ല. സർവ്വകലാശാലകളിലും കോളേജുകളിലും വിദ്യാർത്ഥികൾ ജനക്കൂട്ടത്തെ അതിക്രമത്തിനും തീവയ്‌പിനും തള്ളിവിടുന്നതാണ് കണ്ടത്. അത് നല്ല നേതൃത്വമല്ല. ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടവരാണ് നേതാക്കൾ. ജനങ്ങളെ സംരക്ഷിക്കാനുതകുന്ന നല്ല ഉപദേശങ്ങളാണ് നല്ല നേതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

നേതൃത്വം നൽകൽ സങ്കീർണമാണ്. നയിക്കുന്നവർ മുന്നോട്ടു നീങ്ങുമ്പോൾ എല്ലാവരും അനുഗമിക്കും. അത് എളുപ്പമാണെന്ന് തോന്നും. പക്ഷേ സങ്കീർണമാണ്. ജനക്കൂട്ടത്തിൽ നിന്നു പോലും നേതാക്കൾ ഉദയം ചെയ്യാറുണ്ട്. എന്നാൽ ശരിയായ നേതാവ് ജനങ്ങളെ നല്ല ദിശയിൽ നയിക്കുന്നവരാണ്.''

''പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ തള്ളുന്ന പ്രസ്‌താവന ഭരണഘടനാദത്തമായ ജനാധിപത്യത്തിന് എതിരാണ്. സേനാ മേധാവിമാരെ രാഷ്‌ട്രീയം പറയാൻ അനുവദിക്കുന്നത് ശരിയല്ല.
--ബ്രിജേഷ് കളാപ്പ

കോൺഗ്രസ് വക്താവ്

റാവത്തിന്റെ രാഷ്‌ട്രീയ പരാമർശം ഇന്ത്യൻ സേനയുടെ 70 വർഷത്തെ കീഴ്‌വഴക്കത്തിന്റെ ലംഘനമാണ്.

--യോഗേന്ദ്ര യാദവ്

ആക‌്ടിവിസ്റ്റ്