amitsha-

 കേജ്‌രിവാൾ കേന്ദ്ര പദ്ധതി കട്ടെടുക്കുന്നു

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമത്തിന്റെ പേരിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ഡൽഹിയിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കിയെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ചെറു സംഘങ്ങളാണ് അശാന്തി പരത്തിയത്. അവർക്ക് ശിക്ഷ നൽകാനുള്ള സമയമാണിത്. ദേശീയ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ ചർച്ച ചെയ്‌തപ്പോൾ മിണ്ടാതിരുന്നവർ പുറത്ത് വന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിപക്ഷം അപവാദം പരത്തിയതിനെ തുടർന്നാണ് ജനങ്ങൾ റോഡിലിറങ്ങിയതെന്നും ഡൽഹി ഡെവലപ്‌മെന്റ് അതോറിട്ടി സംഘടിപ്പിച്ച ചടങ്ങിൽ ഷാ പറഞ്ഞു.

ഡൽഹിയിൽ ആം ആദ്‌മി സർക്കാർ മാറാൻ സമയമായി. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നടപ്പാക്കി ആളാകുകയാണ് കേജ്‌രിവാൾ. ഡൽഹിയിൽ കുടിവെള്ളം ലഭ്യമാക്കിയെന്ന് അവർ അവകാശപ്പെടുന്നു. രാജ്യത്താകെ ഈ പദ്ധതി നടപ്പാക്കിയത് മോദി സർക്കാരാണ്.

ഡൽഹിയിൽ ഇടത്തരക്കാർക്ക് 4,526 വീടുകളും നിർദ്ധനർക്ക് 2,088 വീടുകളും പണിയുന്ന പദ്ധതി കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്. അനധികൃത കോളനികൾക്ക് അംഗീകാരം നൽകുന്ന നിയമം കൊണ്ടുവന്നു. ഡൽഹിയെ 30 ശതമാനം പച്ചപ്പുള്ള പ്രദേശങ്ങളായി വികസിപ്പിച്ച് വായു മലിനീകരണം കുറയ്‌ക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ എം.എൽ.എമാരെ നൽകി ഡൽഹിയുടെ വികസനം യാഥാർത്ഥ്യമാക്കാൻ ജനം ഒപ്പം നിൽക്കണമെന്നും ഷാ പറഞ്ഞു.