ഭോപ്പാൽ: പശുക്കൾക്ക് 'അനുയോജ്യരായ വരൻമാരെ " കണ്ടെത്താൻ കാളകളുടെ ‘സമ്പൂർണ ജാതകം’ വെബ്സൈറ്റിലിട്ട് മദ്ധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പ്. സ്വന്തം പശുക്കൾക്ക് മികച്ച കാളകളുടെ ബീജം കിട്ടാൻ ക്ഷീര കർഷകരെ സഹായിക്കാനാണിത്.
16 ഇനങ്ങളിൽപ്പെട്ട 200ലധികം കാളകളുടെ വിവരങ്ങൾ ഭോപാലിലെ സെൻട്രൽ സെമൻ സ്റ്റേഷന്റെ 'www.cssbhopal.com" എന്ന വെബ്സൈറ്റിലുണ്ട്. കാളകളുടെ വയസും ഇനവും വംശ പാരമ്പര്യവുമൊക്കെ വിശദീകരിക്കുന്നതിനൊപ്പം സുന്ദരന്മാരുടെ ഫോട്ടോയും വീഡിയോയും ഇട്ടിട്ടുണ്ട്. ആവശ്യക്കാർ നല്ലവണ്ണം ബോദ്ധ്യപ്പെട്ട് വരനെ തിരഞ്ഞെടുത്താൽ മതി.
‘ ജേഴ്സി, എച്ച്.എഫ് ഉൾപ്പെടെ 16 ഇനം കാളകളുടെ ബീജം ശേഖരിച്ച് ഗുണമേന്മ നിശ്ചയിച്ച്, ശീതീകരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. ഇവയുടെ ജാതകം സ്വന്തം പശുക്കൾക്ക് യോജിക്കുന്നതാണെന്ന് വായിച്ചുറപ്പിച്ച ശേഷം കർഷകർക്ക് ബീജം വാങ്ങാം’- ഭോപാൽ സി.എസ്.എസ് മാനേജർ ഡോ. ദീപാലി ദേശ്പാണ്ഡെ പറഞ്ഞു.