ജുമാ മസ്ജിദിനും യു.പി. ഭവന് മുന്നിലും പ്രതിഷേധം
ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജുമാമസ്ജിദിന് മുന്നിൽ ഉൾപ്പെടെ ഇന്നലെ വീണ്ടും പ്രതിഷേധം അരങ്ങേറിയെങ്കിലും സമാധാനപരമായി അവസാനിച്ചു.
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളടക്കം 300 പേരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് വക്താവ് ഉദിത് രാജ്, ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, ബിന്ദു അമ്മിണി എന്നിവരും കസ്റ്റഡിയിലായി.
ജുമാ മസ്ജിദ്, കൗടില്യമാർഗ്,ലോക് കല്യാൺ മാർഗ് , മന്ദിർ മാർഗ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. കഴിഞ്ഞ വെള്ളിയാഴ്ച ജുമാ മസ്ജിദിന് സമീപമുണ്ടായ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചതിനാൽ മുൻകരുതലായി റോഡ് അടച്ചും സേനയെ വിന്യസിച്ചും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ജുമാ നമസ്‌കാരത്തിന് ശേഷം മസ്ജിദിന്റെ ഒന്നാം ഗേറ്റിന് പുറത്ത് നിരവധി പേർ തടിച്ചുകൂടി. കോൺഗ്രസ് നേതാവ് അൽക ലാംബ, മുൻ ഡൽഹി എം.എൽ.എ. ഷൊഹൈബ് ഇഖ്ബാൽ എന്നിവരും പ്രകടനത്തിൽ പങ്കെടുത്തു. പ്രതിഷേധം ഒരു മണിക്കൂറിന് ശേഷം അവസാനിച്ചു.
ജാമിയ മിലിയ സർവകലാശാല സമര സമിതിയുടെ നേതൃത്വത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിലെ യു.പി ഭവൻ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ സീലാംപൂർ, യു.പി. ഭവൻ, ജാഫ്രാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മാർച്ചിന് അനുമതി നൽകിയതുമില്ല. വൈകിട്ട് 3.30ഓടെ ജെ.എൻ.യു, ഡൽഹി യൂണിവേഴ്‌സിറ്റി, അംബേദ്കർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നെല്ലാം എത്തിയ വിദ്യാർത്ഥികൾ ചെറു സംഘങ്ങളായി യു.പി ഭവന് മുന്നിലേക്ക് എത്തുമ്പോൾ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെ കൗടില്യ മാർഗിൽ പെൺകുട്ടികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തുടർന്ന് പ്രതിഷേധക്കാർ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ലോക് കല്യാൺ മാർഗ് മെട്രോ സ്റ്റേഷൻ അടച്ചു.വടക്കുകിഴക്കൻ ഡൽഹിയിൽ പലയിടങ്ങളിലും ഫ്‌ളാഗ് മാർച്ചുകൾ നടന്നു.
പ്രധാമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ജയിലിൽ നിന്ന് വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നൂറുകണക്കിന് ആളുകൾ മാർച്ച് നടത്തി. പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. കൈകൾ സ്വയം കെട്ടി നടത്തിയ മാർച്ച് കിലോമീറ്ററുകൾ അകലെ പൊലീസ് തടഞ്ഞു.
മുംബയിൽ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ വിദ്യാർത്ഥികളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ആസാദ് മൈതാനത്ത് പ്രതിഷേധം നടന്നു. ചലച്ചിത്ര താരങ്ങളും പങ്കെടുത്തു.
പൗരത്വ നിയമത്തെ അനുകൂലിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് റാലി നടന്നു. സവർക്കറിന്റെ കൊച്ചുമകൻ രഞ്ജിത് സവർക്കർ ഉൾപ്പെടെ പങ്കെടുത്തു.
കൊൽക്കത്തയിലും പൗരത്വ നിയമത്തിനെതിരെ വൻ പ്രതിഷേധം അരങ്ങേറി
ഉത്തർ പ്രദേശിൽ നിയന്ത്രണങ്ങൾ വ്യാപിപ്പിച്ചു.14 ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി.
സമൂഹമാദ്ധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടതിന് 124 പേരെ അറസ്റ്റ് ചെയ്തു. 93 കേസുകൾ എടുത്തു. 19,409 പോസ്റ്റുകൾക്കെതിരെ നടപടിയെടുത്തു. ഇതിൽ 9, 372 ട്വിറ്റർ പോസ്റ്റുകളും 9, 856 ഫേസ്ബുക്ക് പോസ്റ്റുകളും ഉൾപ്പെടുന്നു. 181 യു ട്യൂബ് പ്രൊഫൈലുകൾക്കെതിരെയും നടപടിയുണ്ട്.