ന്യൂഡൽഹി: നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത ശൈത്യമേറ്റ് തണുത്ത് വിറങ്ങലിച്ച് രാജ്യതലസ്ഥാനം. 5.4 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹി ഉണരുന്നത് അഞ്ച് - ആറ് ഡിഗ്രി താപനിലയിലാണ്. നട്ടുച്ചയ്ക്ക് പോലും പത്ത് ഡിഗ്രിയാണ് താപനില. തണുപ്പിനൊപ്പം വായുമലിനീകരണവും ശൈത്യക്കാറ്റും ചേർന്നതോടെ ജനജീവിതം ദുസഹമായി.
1997ന് ശേഷം ഇത്രയും കഠിനമായ ശൈത്യം ഡൽഹിയിൽ ഇതാദ്യം. സാധാരണ ഡിസംബർ 25 മുതൽ ജനുവരി 15 വരെയാണ് തണുപ്പേറുന്നത്. ഇക്കുറി ഡിസംബർ 14 മുതൽ അതികഠിനമായ തണുപ്പാരംഭിച്ചു. അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും അതികഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്കുള്ള 25 ട്രെയിനുകൾ വൈകി ഒാടുന്നു. വിമാനസർവീസുകളും താറുമാറായി. അതിശൈത്യത്തിൽ വഴിയോരത്ത് കിടന്നുറങ്ങിയ 10 പേർ മരിച്ചതായാണ് റിപ്പോർട്ട്. വഴിയോരത്ത് കിടന്നുറങ്ങുന്നവർക്ക് സർക്കാർ കമ്പിളി വിതരണം ചെയ്യുന്നുണ്ട്. പ്രത്യേക ഷെൽട്ടർ ഹോമുകളും സജീകരിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ താപനില രണ്ട് ഡിഗ്രി വരെ താഴ്‌ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ തിങ്കളാഴ്ച വരെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.