manju

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യവും മഞ്ഞ് ഇടിച്ചിലും ശീതക്കാറ്റും ജനജീവിതം ദുഃസഹമാക്കുന്നു. ഡൽഹിയിൽ അതിശൈത്യം തുടരുകയാണ്. ഇന്നലെ രാവിലെ 2.4 ഡിഗ്രിയായിരുന്നു ഡൽഹിയിലെ കുറഞ്ഞ താപനില. കനത്തമഞ്ഞ് റൺവേയിലെ കാഴ്ച മറച്ചതിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുവിമാനങ്ങൾ തിരിച്ചുവിട്ടു. നിലവിൽ സി.എ.ടി 3 ബി പ്രകാരമാണ് വിമാന സർവീസുകളുടെ പ്രവർത്തനം.

മോശം കാലാവസ്ഥ ട്രെയിൻ ഗാതഗതത്തെയും ബാധിച്ചു. 24 ട്രെയിനുകളാണ് വൈകിയോടുന്നത്. കാതിഹർ അമൃത്സർ എക്‌സ്പ്രസ് നാലുമണിക്കൂർ വൈകിയാണ് ഓടുന്നത്. ഡിസംബർ 31 മുതൽ തലസ്ഥാനനഗരമായ ഡൽഹി, നോയ്ഡ, ഗുർഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്ന് മെട്രോളജിക്കൽ വകുപ്പ് അറിയിച്ചു. മഴ പെയ്താൽ തണുപ്പിന്റെ കാഠിന്യമേറും.

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഈസ്റ്റ് സിക്കിമിലെ നാഥുലയിൽ കുടുങ്ങിയ 1500 വിനോദ സഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. ഗാംഗ്‌ടോക്കിൽനിന്ന് 300 ഓളം വാഹനങ്ങളിൽ പുറപ്പെട്ടവരാണിവർ. സ്ത്രീകളും കുട്ടികളും പ്രായംചെന്നവരും അടക്കമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. 570 പേരെ കരസേനയുടെ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ഭക്ഷണവും മരുന്നും കമ്പിളി വസ്ത്രങ്ങളും നൽകി. 1500 വിനോദ സഞ്ചാരികളാണ് കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെ ജവഹർലാൽ നെഹ്റു റോഡിൽ വിവിധയിടങ്ങളിലായി കുടുങ്ങിയത്. ബുൾഡോസറുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് മഞ്ഞ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനും ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുമെന്ന് സൈന്യം അറിയിച്ചു.