ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് വഴിയിൽ തടഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് റോഡിൽ തള്ളിയിട്ടതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാതി. പൗരത്വപ്രതിഷേധത്തിനിടെ യു.പിയിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തക സദഫ് ജഫാറിന്റെയും മുൻ ഐ.പി.എസ്. ഓഫീസർ എസ്.ആർ. ദാരാപുരിയുടേയും വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ദുരനുഭവമുണ്ടായത്.
'കാർ പൊലീസ് വഴിയിൽ തടഞ്ഞു, പുറത്തിറങ്ങി കാര്യം തിരക്കുന്നതിനിടെ കഴുത്തിന് കുത്തി പിടിച്ച റോഡിലേക്ക് തള്ളി. പാർട്ടി പ്രവർത്തകന്റെ സ്‌കൂട്ടറിൽ കയറിയാണ് ദരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി എത്തിയത്. ഒരു പൊലീസുകാരാനാണ് ആക്രമിച്ചത്. എന്തിനാണ് പൊലീസ് തടഞ്ഞതെന്ന് അറിയില്ല. തടയാൻ ഒരു കാരണവുമില്ല ' - പ്രിയങ്ക ഗാന്ധി പറയുന്നു. സംഭവത്തിൽ ഉത്തർപ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകും.