ന്യൂഡൽഹി: യു.പിയിൽ പൗരത്വ നിയമത്തിൽ പ്രതിഷേധിച്ചവരോട് പാകിസ്ഥാനിലേക്കു പോകാൻ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് എതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. 'ജനാധിപത്യ രാഷ്ട്രത്തിനു ചേരാത്ത പ്രസ്താവനയും അക്രമവും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായാലും ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായാലും അംഗീകരിക്കാനാകില്ല. നിരപരാധികളെ പൊലീസ് ബുദ്ധിമുട്ടിലാക്കരുത്.' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മീററ്റ് എസ്.പി അഖിലേഷ് നാരായണന്റെ വിവാദ പ്രസ്താവനയുണ്ടായത്. പ്രതിഷേധിക്കുന്നവരോട് 'പാകിസ്ഥാനിലേക്കു പോകൂ' എന്നായിരുന്നു എസ്.പിയുടെ ആക്രോശം. ഒരു തെരുവിൽ നാലഞ്ച് ചെറുപ്പക്കാരെ വളഞ്ഞ ശേഷം 'ഈ കറുപ്പും മഞ്ഞയും ബാൻഡുകൾ ധരിച്ചിരിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാൻ പറയൂ... ഇവിടെ നിന്നാണ് നിങ്ങൾ ഭക്ഷിക്കുന്നത്; പുകഴ്ത്തുന്നത് മറ്റൊരു സ്ഥലത്തെയും എന്നു പറഞ്ഞ എസ്.പി, ഈ തെരുവ് തനിക്ക് പരിചിതമായിക്കഴിഞ്ഞെന്നും, അവരുടെ മുത്തശ്ശിയുടെ അടുത്തേക്കു വരെ താൻ എത്തുമെന്നുമാണ് മുന്നറിയിപ്പ് നൽകിയത്. എന്തെങ്കിലും സംഭവിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും വീടുകളിലെ പുരുഷന്മാരെ അറസ്റ്റ് ചെയ്യുമെന്നും സിംഗ് പറഞ്ഞു.
പൊലീസിനെക്കണ്ട് ചിലർ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെത്തുടർന്നാണ് താൻ അങ്ങനെ പറഞ്ഞതെന്നായിരുന്നു അഖിലേഷ് നാരായൺ സിംഗിന്റെ വിശദീകരണം.