cold

ന്യൂഡൽഹി: അതിശൈത്യം തുടരുന്നതിനിടെ,​ അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലും താഴാനിടയുള്ളതിനാൽ ഡൽഹിയിൽ ജനുവരി മൂന്നുവരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ അന്തീക്ഷ താപനില 1.4 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. പലയിടങ്ങളിലും അടുത്തു നിൽക്കുന്നയാളെ പോലും കാണാനാകാത്ത വിധത്തിൽ മൂടൽമഞ്ഞ് നിറഞ്ഞു നിൽക്കുകയാണ്. കനത്ത മഞ്ഞ് വ്യോമഗതാഗതത്തെ ഉൾപ്പെടെ ബാധിച്ചു. അഞ്ഞൂറോളം വിമാനങ്ങൾ വൈകിയാണ് യാത്ര പുറപ്പെട്ടത്.

ദൂരക്കാഴ്ച കുറഞ്ഞതിനാൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. മൂടൽമഞ്ഞ് മെട്രോ സർവീസിനെയും ബാധിച്ചിട്ടുണ്ട്. ഡൽഹിക്കു പുറമേ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും അതിശൈത്യം തുടരുകയാണ്.