ന്യൂഡൽഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
'ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വേണ്ടി ശേഖരിക്കുന്ന വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിന് വേണ്ടി ഉപയോഗിക്കാം, ഉപയോഗിക്കാതിരിക്കാം. നിയമപരമായും സുതാര്യത ഉറപ്പാക്കും. ദേശീയ പൗരത്വ രജിസ്റ്റർ എന്ന് നടപ്പാക്കുമെന്ന ചോദ്യത്തിന്, ഒരു നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ആദ്യം ഒരു തീരുമാനം. രണ്ടാമത് വിജ്ഞാപനം. മൂന്നാമത് നടപടിക്രമങ്ങൾ, എതിർപ്പുകൾ കേൾക്കൽ, അപ്പീലിനുള്ള അവകാശം. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കണം. പ്രതികരണം സ്വീകരിക്കണം. എന്ത് ചെയ്താലും പരസ്യമായി ആയിരിക്കും. എൻ.ആർ.സിയിൽ ഒന്നും രഹസ്യമായിരിക്കില്ല, അദ്ദേഹം വ്യക്തമാക്കി.
ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ടുള്ളത്. വ്യക്തിവിവരങ്ങൾ ഉൾപ്പെടുത്തി ഡാറ്റാ ബേസ് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് വിവരശേഖരണമെന്നുമായിരുന്നു അമിത് ഷാ വിശദീകരിച്ചത്. ഇതിന് വിപരീതമായ നിലപാടാണ് നിയമന്ത്രിയിൽ നിന്ന് ഉണ്ടായത്.