bipin-rawath
BIPIN RAWATH

ന്യൂഡൽഹി: കര, നാവിക, വ്യോമ സേനകളുടെ ആദ്യ സംയുക്ത മേധാവിയായി (ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു. പുതുവർഷ ദിനമായ നാളെ ചുമതലയേൽക്കും. മൂന്നു വർഷമാണ് കാലാവധി.

കരസേനാ മേധാവി സ്ഥാനത്ത് ഇന്ന് മൂന്നു വർഷം പൂർത്തിയാക്കാനിരിക്കെയാണ് ഉത്തരാഖണ്ഡ് സ്വദേശിയും അറുപത്തിയൊന്നുകാരനുമായ റാവത്തിന് പുതിയ ദൗത്യം. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്നാണ് തീരുമാനമെടുത്തത്. ഉത്തരവ് ഇന്നിറങ്ങും. രാഷ്ട്രപതിക്കു കീഴിൽ മൂന്നു സേനകളുടെയും പ്രവർത്തന ഏകോപനം ഉൾപ്പെടെ സുപ്രധാന ചുമതലകളാണ് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫിന് ഉണ്ടാവുക.

സൈനിക മേധാവിമാരെപ്പോലെ നാലു നക്ഷത്രങ്ങളുള്ള ജനറൽ പദവിയാണ് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫിന്റേതെങ്കിലും പ്രോട്ടോക്കോൾ പ്രകാരം സൈനിക മേധാവിക്കു മുകളിലാണ് (ഫസ്റ്റ് എമംഗ് ദ ഈക്വൽസ്- തുല്യരിൽ ഒന്നാമൻ). സേനാമേധാവിക്കു തുല്യമായ ശമ്പളം തന്നെ ലഭിക്കും. കേന്ദ്ര സെക്രട്ടറിതല ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളുമുണ്ടാകും.

62 വയസോ, പദവിയിൽ മൂന്നു വർഷമോ ഏതാണ് ആദ്യം പൂ‌ർത്തിയാകുന്നത്, അതാണ് സൈനിക മേധാവിമാരുടെ സേവന കാലാവധി. അതേസമയം സി.ഡി.എസിന്റെ കാലാവധി 65 വയസു വരെയെന്ന് സൈന്യത്തിന്റെ സർവീസ് റൂൾ കഴിഞ്ഞ ദിവസം കേന്ദ്രം ഭേദഗതി ചെയ്തിരുന്നു.

കര, വ്യോമ, നാവിക സേനകളുടെ സംയുക്ത മേധാവി വരുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നിലവിൽ ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ കൂടിയായ ബിപിൻ റാവത്തിനെ ഈ പദവിയിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ തന്നെ ശ്രുതിയുണ്ടായിരുന്നു.

പ്രധാന ചുമതലകൾ

1. രാഷ്ട്രപതിക്കു കീഴിൽ മൂന്നു സേനകളുടെയും പ്രവർത്തന ഏകോപനം

2. പ്രതിരോധ മന്ത്രിയുടെ പ്രിൻസിപ്പൽ സേനാ ഉപദേശകൻ

3. ആയുധശേഷിയും ആവശ്യങ്ങളും യഥാസമയം കേന്ദ്രത്തെ അറിയിക്കുക

4. ന്യൂക്ളിയർ കമാൻ‌ഡ് അതോറിട്ടിയുടെ സൈനിക ഉപദേശകൻ

5. കര,​ വ്യോമ,​ നാവിക സേനകളുടെ നവീകരണത്തിൽ ഉൾപ്പെടെ ഉപദേശം