ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഞ്ഞ് തുടരുന്നു. ഉത്തർപ്രദേശിൽ മൂടൽമഞ്ഞിൽ അകപ്പെട്ട കാർ കനാലിലേക്കു മറിഞ്ഞ് ആറു പേർ മരിച്ചു. കൊടുംതണുപ്പിൽ മരവിച്ച ഡൽഹിയിൽ ഇന്നലെ കുറഞ്ഞ താപനില 1.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് കാർ കനാലിൽ വീണ് രണ്ടു കുട്ടികൾ ഉൾപ്പെടെ ആറു പേർ മരിച്ചത്. മഹേഷ് (35), കിഷൻലാൽ (50), നീരേഷ് (17), റാം ഖിലാഡി (75), മല്ലു (12), നേത്രപാൽ (40) എന്നിവരാണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. ഗ്രേറ്റർ നോയിഡയിൽ ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. 11 പേരടങ്ങുന്ന സംഘം യാത്ര ചെയ്ത മാരുതി എർട്ടിഗയാണ് ഡൻകോർ മേഖലയിലെ ഖേർലി കനാലിലേക്കു മറിഞ്ഞത്.
മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള 500 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 21 സർവീസുകൾ റദ്ദാക്കിയെന്നും അഞ്ചെണ്ണം വഴിതിരിച്ച് വിട്ടെന്നും അധികൃതർ അറിയിച്ചു. 50 മീറ്റർ - 175 മീറ്റർ ആണ് രാവിലെ ഡൽഹി വിമാനത്താവളത്തിലെ കാഴ്ചപരിധി. ഈ അന്തരീക്ഷ സ്ഥിതിയിൽ വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും ദുഷ്കരമാണ്. കാഴ്ചപരിധി കുറഞ്ഞതിനാൽ 30 ട്രെയിനുകൾ വൈകി ഓടുകയാണ്. റോഡ് ഗതാഗതവും പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. കനത്ത മഞ്ഞിനൊപ്പം, അന്തരീക്ഷത്തിലെ കാർബൺ മാലിന്യം അപകടകരമായ നിലയിലേയ്ക്ക് ഉയർന്നത് ഡൽഹിയെ ശ്വാസംമുട്ടിക്കുകയാണ്.
തുടർച്ചയായ പതിനേഴു ദിവസമായി ഡൽഹിയിൽ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. 4.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. ചൊവ്വാഴ്ച മുതൽ ഡൽഹി ഉൾപ്പെടുന്ന മേഖലകളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മഴ കൂടി എത്തിയാൽ തണുപ്പിന്റെ കാഠിന്യം ഇനിയും വർദ്ധിച്ചേക്കും.