railway
railway

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരിൽ നിന്ന് ഈടാക്കാൻ റെയിൽവേ നടപടി തുടങ്ങി. റെയിൽവേ പൊലീസ് ഇതിനായി അതത് സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ്കുമാ‌ർ യാദവ് വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തി റവന്യൂ നടപടികൾ അടക്കം സ്വീകരിച്ച് നഷ്ടം ഈടാക്കും.

പലയിടത്തും ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും പ്രതിഷേധക്കാർ തീവച്ച് നശിപ്പിച്ചു. സമരങ്ങളെ തുടർന്ന് നൂറിലേറെ പ്രധാന ട്രെയിനുകൾ ദിവസങ്ങളോളം റദ്ദാക്കേണ്ടി വന്നു.

ബംഗാളിൽ പ്രതിഷേധക്കാർ 19 റെയിൽവേ സ്റ്റേഷനുകളും 20 ട്രെയിനുകൾക്കും തീവച്ചു. തുടർന്ന് ഡിസംബർ 13 മുതൽ 655 ട്രെയിനുകൾ റദ്ദാക്കി. ഹൗറ, സെൽദാ, മാൽഡ ഡിവിഷനുകളിൽ 127 എക്‌സ്‌പ്രസ് ട്രെയിനുകളും 190 പാസഞ്ചർ ട്രെയിനുകളും 290 സബർബൻ ട്രെയിനുകളും റദ്ദാക്കി. ഖൊരഗ്പൂർ ഡിവിഷനിൽ അഞ്ച് ട്രെയിനുകൾക്ക് തീയിട്ടു. ട്രെയിൻ വ്യാപകമായി തടയുകയും ചെയ്തു. അക്രമ സംഭവങ്ങളിൽ ഇതുവരെ 85 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

നഷ്ടക്കണക്ക്

72 കോടി:കിഴക്കൻ റെയിൽവേയ്ക്ക്

13 കോടി: ദക്ഷിണ റെയിൽവേയ്ക്ക്

3 കോടി: വടക്ക് കിഴക്കൻ സോണിൽ