jnu

ന്യൂഡൽഹി :ജെ.എൻ.യുവിൽ ഫീസ്‌ വർദ്ധനയ്‌ക്കെതിരെ രണ്ടു മാസമായി പഠിപ്പുമുടക്കി വിദ്യാർത്ഥി പ്രക്ഷോഭം തുടരുന്നതിനിടെ വർദ്ധന ഭാഗികമായി പിൻവലിച്ചു. മാസം 1,700 രൂപ സേവന ഫീസ്‌ ഏർപ്പെടുത്തിയത് പുതിയ സർക്കുലറിൽ ഒഴിവാക്കി. അതേസമയം, മെഡിക്കൽ ഫീസ്‌ എല്ലാ സെമസ്‌റ്ററിലും 500 രൂപ ഈടാക്കുമെന്ന പുതിയ തീരുമാനം ഉൾപ്പെടുത്തി.

ഒറ്റ മുറിയുടെയും ഇരട്ട മുറിയുടെയും മാസവാടക 20, 10 രൂപയിൽ നിന്ന്‌ 600ഉം 300 ആക്കി വർദ്ധിപ്പിച്ചത് ദാരിദ്ര്യരേഖയിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക്‌‌ യഥാക്രമം 300, 150 രൂപയായി കുറച്ചു. ജെ.ആർ.എഫ്‌, എസ്‌.ആർ.എഫ് വിദ്യാർത്ഥികൾക്ക്‌ ഇത്‌ യഥാക്രമം 600 രൂപയും 300 രൂപയുമാണ്‌. ഡ്രസ്‌കോഡ്‌, ഹോസ്‌റ്റൽ സമയക്രമം എന്നിവയിലെ പരിഷ്‌കാരങ്ങളും പിൻവലിച്ചു. ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന്‌ വിദ്യാർത്ഥി യൂണിയൻ അറിയിച്ചു.

അതിനിടെ, ശൈത്യകാല സെമസ്‌റ്ററിനുള്ള രജിസ്‌ട്രേഷൻ ജനുവരി ഒന്നു മുതൽ അഞ്ചുവരെ നടക്കുമെന്ന്‌ സർവകലാശാല അറിയിച്ചു. 2019 മൺസൂൺ സെമസ്‌റ്ററിലെ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തവർക്ക്‌ താത്കാലിക രജിസ്‌ട്രേഷൻ അനുവദിക്കും.