ന്യൂഡൽഹി : അയോദ്ധ്യ ഭൂമി തർക്കക്കേസിൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിന് പകരമായി പള്ളി നിർമിക്കുന്നതിന് അഞ്ച് ഏക്കർ സ്ഥലം കണ്ടെത്തി നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഉത്തർപ്രദേശ് സർക്കാർ പള്ളിക്കായി ഭൂമി കണ്ടെത്തി. പഞ്ചകോശി പഥിന് 15 കിലോമീറ്റർ അകലെയാണ് കണ്ടെത്തിയ അഞ്ച് സ്ഥലങ്ങളും. ഇതിൽ നാല് എണ്ണം അയോദ്ധ്യ ഫൈസാബാദ് റോഡ്, അയോദ്ധ്യാ ബസ്തി റോഡ്, അയോദ്ധ്യാ സുൽത്താൻപുർ റോഡ്, അയോദ്ധ്യാ ഗരഖ്പുർ റോഡ് എന്നിവിടങ്ങളിലാണ്. അഞ്ചാമത്തെ സ്ഥലം പഞ്ചകോശി പഥിന് സമീപത്തെ ദേശീയ പാതയിലും. സ്ഥലങ്ങളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും സ്ഥലം കൈമാറാൻ നടപടികൾ തുടങ്ങുക.
ക്ഷേത്രനിർമാണവും മറ്റ് പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു കഴിഞ്ഞാൽ സർക്കാർ ഈ സ്ഥലങ്ങൾ സുന്നി വഖഫ് ബോർഡിന് കൈമാറും. പള്ളിക്ക് അനുയോജ്യമായ സ്ഥലം ബോർഡിന്റെ നിർദേശപ്രകാരമായിരിക്കും തിരഞ്ഞെടുക്കുക. സുന്നി സെൻട്രൽ വഖഫ് ബോർഡ് ഒഴികെയുള്ള മുസ്ലിം കക്ഷികൾ പള്ളി പണിയുന്നതിന് സ്ഥലം സ്വീകരിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്, ബാബ്‌റി മസ്ജിദ് ആക്ഷൻ കമ്മിറ്റി, ജമാ അത്തെ ഉലമ ഹിന്ദ് എന്നീ സംഘടനകൾ സ്ഥലം വാങ്ങരുതെന്ന നിലപാടിലാണ്. സുന്നി സെൻട്രൽ വഖഫ് ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.