ന്യൂഡൽഹി: പാകിസ്ഥാൻ, ചൈന അതിർത്തികളിൽ നിന്നുള്ള വെല്ലുവിളികൾ നേരിടാൻ ഇന്ത്യൻ സേന തയ്യാറാണെന്ന് നിയുക്ത മുഖ്യ സൈനിക മേധാവി ബിപിൻ റാവത്ത്. കരസേനാ മേധാവിയായിരുന്ന സമയത്ത് സേനയുടെ പുനസംഘടനയ്ക്കും നവീകരണത്തിലുമായിരുന്നു താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ യുദ്ധ സ്മാരകത്തിൽ എത്തി വീര സൈനികർക്ക് ആദരമർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരസേനാ മേധാവിയായി ചുമതലയേൽക്കുന്ന ജനറൽ അശോക് നരവാനെയ്ക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. അശോക് നരവാനെ തന്റെ പ്രയത്‌നത്തിലൂടെ സൈന്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ആദ്യത്തെ മുഖ്യ സൈനിക മേധാവിയായ ബിപിൻ റാവത്ത് ഇന്നു ചുമതലയേൽക്കും. കരസേനാ മേധാവി സ്ഥാനത്ത് നിന്നു വിരമിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം റാവത്തിനെ സൈനിക മേധാവിയായി നിയമിച്ചത്.