ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയത് പാർലമെന്റിനോടുള്ള അവഹേളനമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയിലെ ബി.ജെ.പി എംപി ജി.വി.എൽ നരംസിംഹറാവു അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന് നോട്ടീസ് നൽകി. ജനുവരി മൂന്നിന് ചേരുന്ന രാജ്യസഭയുടെ അവകാശ സംരക്ഷണ സമിതി യോഗത്തിൽ വിഷയം പരിഗണിക്കണമെന്ന് സമിതി അംഗം കൂടിയായ നരംസിംഹറാവു ആവശ്യപ്പെടുന്നു.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം കേന്ദ്ര പട്ടികയിൽ വരുന്ന പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് നിയമ നിർമ്മാണം നടത്താൻ പാർലമെന്റിന് അവകാശമുണ്ട്. പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തിൽ നടപ്പാക്കില്ലെന്നും പ്രസ്‌താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നിയമത്തെ എതിർക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനാവശ്യവും അടിസ്ഥാന രഹിതവുമായ ആരോപണം ഉന്നയിച്ച പിണറായി വിജയൻ രാജ്യത്തെ പാർലമെന്ററി വ്യവസ്ഥയെയും ഭരണഘടനാ പദവികളെയും അവഹേളിച്ചു. ഇത്തരം നീക്കങ്ങൾ അവഗണിക്കുന്നത് തെറ്റായ കീഴ‌്‌വഴക്കം സൃഷ്‌ടിക്കും. ചട്ടലംഘനം നടത്തുന്നവരെ ശിക്ഷിക്കാൻ വ്യവസ്ഥയുണ്ടെന്നും പിണറായി വിജയനെതിരെ നടപടിയെടുക്കണമെന്നും റാവു നോട്ടീസിൽ പറയുന്നു.