സംസ്ഥാനത്ത് അന്യ സംസ്ഥാന തൊഴിലാളികൾ എത്ര? ആർക്കും പിടിയില്ല.

കോലഞ്ചേരി : സംസ്ഥാനത്ത് അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കൊലപാതക,ക്രിമിനൽ കേസുകൾ അടിയ്ക്കടി വർദ്ധിക്കുമ്പോഴും ഇവിടെ ഇവരെക്കുറിച്ചുള്ള ആധികാരികമായ ഒരു കണക്കും ഒരു വകുപ്പിന്റെയും പക്കലില്ല. പൊലീസോ, തൊഴിൽ വകുപ്പോ ഇതേ കുറിച്ച് ചോദിച്ചാൽ കൈമലർത്തും.

അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് പൊലീസ് സ്റ്റേഷനുകളിൽ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല.

ഇവരെ എത്തിക്കുന്ന കോൺട്രാക്ടർമാർ നല്കുന്ന വിവരങ്ങൾ മാത്രമാണ് സ്റ്റേഷനുകളിലെ രജിസ്റ്ററിലുള്ളത്.

വന്നും പോയും ഇരിക്കുന്നതിനാൽ കൃത്യമായ വിവരശേഖരണം ബുദ്ധിമുട്ടാണെന്ന് തൊഴിൽവകുപ്പ് അധികൃതരും സമ്മതിക്കുന്നുണ്ട്.

പൊലീസ് സ്റ്റേഷനുകളിലോ തൊഴിൽ വകുപ്പിലോ ഇതര സംസ്ഥാന തൊഴിലാളികൾ ഹാജരാക്കുന്ന തിരിച്ചറിയിൽ രേഖകൾ യഥാർത്ഥമാണോ എന്നു പരിശോധിക്കാനും സംവിധാനമില്ല.

ബംഗ്ലദേശികൾ ബംഗാളിലെത്തി വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി, 'ബംഗാളി ഭായി'കളായാണ് കേരളത്തിലേക്ക് വരിക. ഇവർ പൊലീസ് സ്റ്റേഷനിൽ ഫോട്ടോ ഉൾപ്പെടെ നൽകി, പേര് രജിസ്​റ്റർ ചെയ്താലും തിരിച്ചറിയാൻ മാർഗമില്ല.

വിരലടയാളം, നാട്ടിലെ പൊലീസ് സ്റ്റേഷനിലെ ക്ലിയറൻസ് സർട്ടിഫിക്ക​റ്റ്, ഫോട്ടോ എന്നിവ ശേഖരിക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും തൊഴിലാളിയുടെ വിലാസവും ഏജന്റിന്റെ ഫോൺ നമ്പരും വാങ്ങിവയ്ക്കൽ മാത്രമാണ് പല സ്റ്റേഷനുകളിലെയും വിവരശേഖരണം.

ഇന്ത്യൻ പൗരന്മാരായതിനാലും രാജ്യത്തുടനീളം എല്ലാവർക്കും സഞ്ചാര സ്വാതന്ത്റ്യമുള്ളതിനാലും കൂടുതൽ പരിശോധനകൾ നടത്തുന്നതിനും രേഖകൾ ആവശ്യപ്പെടുന്നതിനും പരിമിതികളുണ്ടെന്ന് പൊലീസ് പറയുന്നു.

സംസ്ഥാന തൊഴിൽവകുപ്പ് ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന 'ആവാസ് പദ്ധതി'യിൽ തൊഴിലാളികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

10 വിരലുകളുടെയും കണ്ണിന്റെയും അടയാളവും ചിത്രങ്ങളും എടുക്കും. ആവാസ് കാർഡ് എടുക്കുന്ന തൊഴിലാളിക്ക് ആരോഗ്യ ഇൻഷ്വറൻസ് നൽകും. മരിച്ചാൽ കുടുംബത്തിനു 2 ലക്ഷം രൂപ അനുവദിക്കുന്നതും മൃതദേഹം നാട്ടിലെത്തിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. വളരെ കുറച്ചുപേർ മാത്രമാണ് ഇതിൽ പങ്കാളികളാകുന്നത്.