കോലഞ്ചേരി: കേരളത്തിന്റെ സ്വന്തം സൈന്യത്തിനായി സിവിൽ ഡിഫൻസ് കൂട്ടായ്മ ഒരുങ്ങുന്നു. പ്രകൃതി ദുരന്തങ്ങളെ നേരിടാൻ നാട്ടിലെ യുവാക്കളെയും, സേവന സന്നദ്ധരായവരെയും തയ്യാറാക്കി നിർത്തുകയാണ് ലക്ഷ്യം.
2009ൽ നടപ്പിലാക്കിയ ഭേദഗതി പ്രകാരമാണ് സിവിൽ ഡിഫൻസ് പ്രവർത്തനങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തത്. അതിന്റെ ഭാഗമായി തദ്ദേശീയമായി ജനങ്ങൾക്ക് ദുരന്തത്തെ കാര്യക്ഷമമായി നേരിടുന്നതിനുള്ള പരിശീലനം നൽകുകയാണ് സിവിൽ ഡിഫൻസ് അക്കാഡമി
2019ൽ ആണ് കേരളത്തിൽ സിവിൽ ഡിഫൻസ് രൂപം കൊള്ളുന്നത്
140 നിയോജക മണ്ഡലങ്ങളിൽ 124 ഫയർസ്റ്റേഷൻ പരിധിയിൽ നിന്നും 6200 വളണ്ടിയർമാർക്കാണ് പരിശീലനം
18 വയസ്സ് തികഞ്ഞ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഏതൊരു ഇന്ത്യൻ പൗരനും അംഗമാകാം
ഓൺലൈനായി പരിശീലനത്തിന് അപേക്ഷിക്കാം
ജില്ലാ തലത്തിൽ അഞ്ച് ദിവസത്തെ പരിശീലനം
ഒരു ഫയർസ്റ്റേഷന് കീഴിൽ 50 പേരടങ്ങുന്ന സംഘം
അതിൽ 20 സത്രീകളും ഡോക്ടർമാർ, എൻജിനീയർ തുടങ്ങിയ പ്രൊഫഷണൽ ഉദ്യോഗസ്ഥരും ഉൾപ്പെടും. കൂടാതെ നീന്തൽ, ട്രക്കിംഗ്, ആർമി, നേവി, ആർമ്ഡ് ഫോഴ്‌സ് തുടങ്ങിയ സേനകളിൽ നിന്നും വിരമിച്ചവർക്കും മുൻഗണന നൽകും. നാഗ്പൂരിലെ നാഷണൽ സിവിൽ ഡിഫൻസ് കോളേജിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും, അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥരും സംയുക്തമായാണ് വോളണ്ടിയേഴ്‌സിന് പരിശീലനം നൽകുക.
പരിശീലനം മൂന്ന് ഘട്ടങ്ങളിലായി
ആദ്യഘട്ടത്തിൽ ഓരോ ഫയർസ്റ്റേഷന് കീഴിലും ആറ് ദിവസത്തെ പരിശീലനം, അപകട സന്ദർഭങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകൽ, ബേസിക് ഫയർ ഫൈറ്റിംഗ്, പുനരധിവാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് താത്ക്കാലിക സുരക്ഷാകേന്ദ്രങ്ങൾ നിർമ്മിക്കുക, പാചക വാതക സിലിണ്ടർ ചോർച്ച നേരിടുക, ജനത്തിരക്ക് നിയന്ത്റണം, വയോജക പരിശീലനം, കുട്ടികളെയും സംരക്ഷിക്കൽ, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് എന്നിവ അടങ്ങുന്ന പരിശീലന ക്ലാസുകളാണ് .
ഇത്തരത്തിൽ അപ്രതീക്ഷിതമായ ദുരന്തങ്ങളെ വളരെ വേഗം പ്രതിരോധിക്കുന്നതിനും ദുരന്തത്താൽ സംഭവിക്കുന്ന ആൾനാശവും വിഭവ നഷ്ടവും പരമാവധി കുറക്കുകയുമാണ് സിവിൽ ഡിഫൻസ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം. സംസ്ഥാന തലത്തിൽ ദുരന്തങ്ങളുടെ തീവ്രതയെ കാര്യക്ഷമമായി നേരിടുന്നതിനുള്ള സംവിധാനങ്ങളെ പറ്റിയാണ് പരിശീലനം നൽകുക.
ഓൺ ലൈനായി ചേരാൻ cds.fire.kerala.gov.in
വിവരങ്ങൾക്ക് സമീപത്തെ ഫയർ സ്റ്റേഷനുമായി ബന്ധപ്പെടാം