കോലഞ്ചേരി: പ്ളാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദൽ മാർഗ്ഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ളാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വില്പനയും സൂക്ഷിക്കലും ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ നിരോധന നടപടികൾ കർശനമായി പാലിക്കാനും ബദൽ ഉല്പന്നങ്ങൾ പരിചയപ്പെടുത്താനും അവ ഉപയോഗിക്കാനുമായി ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

ഉപയോഗശേഷം പുറന്തള്ളുന്ന പ്ളാസ്റ്റിക് വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആരോഗ്യ മാലിന്യ പ്രശ്‌നങ്ങൾ ഹരിതകേരളം മിഷൻ ഗവൺമെവന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.

ഇപ്പോൾ പ്രഖ്യാപിച്ച പ്ളാസ്റ്റിക് നിരോധനം പൂർണമായി അനുവർത്തിച്ച് പ്രകൃതി സൗഹൃദ ബദൽ ഉല്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഇതോടൊപ്പം കുടുംബശ്രീ, മറ്റു സ്വയംതൊഴിൽ സംരംഭകർ എന്നിവരെ പങ്കെടുപ്പിച്ച് ബദൽ ഉല്പന്ന നിർമ്മാണം വ്യാപകമാക്കാനും ത്വരിതപ്പെടുത്താനുമുള്ള നടപടികളും സ്വീകരിക്കും.

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഹരിത നിയമ ബോധവത്ക്കരണ പരിപാടികൾ കൂടുതൽ ഊർജ്ജിതമാക്കും.

ബോധവത്ക്കരണ സന്ദേശവും പ്രകൃതി സൗഹൃദ ബദൽ ഉല്പന്ന ഉപയോഗത്തിന്റെ സാധ്യതകളും സംബന്ധിച്ച് എല്ലാ വീടുകളിലേക്കും കുട്ടികൾ മുഖേന ആരംഭിക്കുന്ന ക്യാമ്പയിൻ പരിപാടികൾക്ക് ജനുവരി ഒന്നിന് തുടക്കമാവും.

#ഹരിതനിയമാവലി പരിശീലനം നൽകി

സംസ്ഥാനത്ത് ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളിൽ വ്യാപകമാക്കാൻ ലക്ഷ്യമിട്ട് ഇതുവരെ 20 ലക്ഷം പേർക്ക് ഹരിതനിയമാവലി പരിശീലനം നൽകിയിട്ടുണ്ട്. പരിശീലനം നേടിയവരിലൂടെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ നിയമവും ഹരിതനിയമവും പ്രചരിപ്പിക്കും.

നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയും തുടർ നടപടികളും ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് ബാഗിനു പകരം തുണി സഞ്ചി

പെരുമ്പാവൂർ കൂവപ്പടി പഞ്ചായത്തിൽ എട്ടാം വാർഡിലെ കുടുംബശ്രീ യൂണീറ്റിന്റെ നേതൃത്വത്തിൽ ഫൈവ് സ്റ്റാർ ടൈലേഴ്സ് തുണി സഞ്ചി നിർമ്മാണ യൂണീറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി പ്രകാശ് നിർവഹിച്ചു. വിവിധ അളവിലുള്ള കോട്ടൻ തുണി സഞ്ചിയാണ് ഇവിടെ നിർമ്മിക്കുന്നത്. കേരളത്തിൽ സർക്കാർ തലത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും അതുവഴി ആരോഗ്യ പരിസ്ഥിതി സംരക്ഷണത്തിനായി പ്ലാസ്റ്റിക് നിരോധനം ജനുവരി ഒന്ന് മുതൽ നടപ്പിലാക്കുകയാണ്. വാർഡ് മെമ്പർ സിന്ധു അരവിന്ദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിജി ശശി, സി.ഡി.എസ് ചെയർപേഴ്സൺ ഷൈലജ മനോജ്, എ.ഡി.എസ് പ്രസിഡന്റ് മേരി ക്ലീറ്റസ്, മോളി ബേബി, റോസി മാർട്ടിൻ, മോളി തോമസ് സരിത എന്നിവർ പ്രസംഗിച്ചു.