വരാപ്പുഴ: ചരിത്രപ്രസിദ്ധമായ തിരുമുപ്പം മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 6 ന് കൊടികയറി 13 ന് ആറാട്ടോടെ സമാപിക്കും. ഡിസംബർ 6ന് രാവിലെ 8.10ന് മണ്ണംതുരുത്ത് ശ്രീനാരായണ ഗുരുദേവ സമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണസന്നിധിയിൽ നാരായണീയപാരായണം. രാത്രി 7.45ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. മേൽശാന്തിമാരായ പി.എസ്.സതീഷ്‌കുമാർ എമ്പ്രാന്തിരി, പി.എസ്.രാജേഷ് എമ്പ്രാന്തിരി എന്നിവർ സഹകാർമ്മികരായിരിക്കും. രാത്രി 8.30ന് വരാപ്പുഴ ദേവനാട്യ നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.
7ന് രാവിലെ 5.30 ന് ഗണപതിഹോമം, വൈകിട്ട് 7ന് ആമേട മംഗലത്ത് വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർപ്പബലി, 7.30ന് കോഴിക്കോട് ഡോ.പ്രശാന്ത് വർമ്മ നയിക്കുന്ന മാനസ ജപലഹരി.
ഡിസംബർ 8ന് രാവിലെ ആഴ്‌വാഞ്ചേരി സംഗീതോത്സവവും തിരുമുപ്പത്തപ്പൻ പുരസ്‌കാരസമർപ്പണവും നടക്കും. ക്ഷേത്രം ഉപദേശകസമിതി രക്ഷാധികാരി അഡ്വ.ടി.ആർ. രാമനാഥൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം ആഴ്‌വാഞ്ചേരി കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ടി.ആർ. വല്ലഭൻ നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. കുടുക്ക വീണക്കച്ചേരി ജനഹൃദയങ്ങളിൽ എത്തിച്ച കാവിൽ സുന്ദരൻ മാരാർ, വി.ബി. ഭരതൻ എന്നിവർക്ക് തിരുമുപ്പത്തപ്പൻ പുരസ്‌കാരം സമർപ്പിക്കും.
9ന് ഉച്ചയ്ക്ക് 12ന് തിരുമുപ്പം ദേവസ്വം വക ഉത്സവബലി ദർശനം, വൈകിട്ട് 7ന് ദേശീയ സ്‌കോളർഷിപ്പ് ജേതാവ് അരുൺ ആർ. കുമാർ അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ, 8.30ന് തിരുമുപ്പം ഗൗരിശങ്കര നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.
10ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, 6.35 ന് തിരുമുപ്പം കാർത്തിക ആർട്‌സ് ഒരുക്കുന്ന ദീപക്കാഴ്ച, 6.45ന് ഡോ.ഹരിപ്രിയ നമ്പൂതിരി അവതരിപ്പിക്കുന്ന പൂതനമോക്ഷം കഥകളി, 8ന് ടിപ്‌സ് മ്യൂസിക്‌സ് അവതരിപ്പിക്കുന്ന ഗാനമേള.
11ന് ചെറിയവിളക്ക്. ഉച്ചയ്ക്ക് 12ന് ഉത്സബലി ദർശനം, വൈകിട്ട് 5.15ന് കോട്ടുവള്ളിക്കാവിൽ ഇറക്കി പൂജക്ക് എഴുന്നള്ളിപ്പ്, 6.30ന് കൊങ്ങോർപ്പിള്ളി ബാലമുരളീകൃഷ്ണ അവതരിപ്പിക്കുന്ന ഭജൻസ്, 6.45ന് പള്ളിയിൽ രവീന്ദ്രന്റെ മുഖ്യകാർമ്മികത്വത്തിൽ പാനകപൂജ.
12ന് വലിയവിളക്ക്. വൈകിട്ട് 4.30ന് മൂന്ന് ഗജവീരന്മാർ അണിനിരക്കുന്ന പകൽപ്പൂരം. 5ന് നാദസ്വരം, 6ന് പാണ്ടിമേളം, 9.30ന് പകൽപ്പൂരം വരവ്, 10.30ന് പള്ളിവേട്ട, പള്ളിക്കുറുപ്പ്.
13ന് ആറാട്ട് മഹോത്സവം. രാവിലെ 11ന് ആറാട്ട് സദ്യ, വൈകിട്ട് 4ന് കൊടിയിറക്കൽ, വൈകിട്ട് 6ന് മേജർസെറ്റ് പഞ്ചവാദ്യത്തോടെ തേവർകാട് ആറാട്ടുകടവിൽ നിന്ന് ആറാട്ട് വരവ്. ഉത്സവദിനങ്ങളിൽ ഉച്ചയ്ക്ക് 1.30ന് പ്രസാദഉൗട്ട് ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.