nirmala
ഇംഗ്ലണ്ടിൽ പഠനവും, പരിശീലനവും പൂർത്തിയാക്കിയ സക്കറിയ ജോയ് മാലിന്യനിർമാർജന പദ്ധതി ഗ്രാമങ്ങളിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് നിർമ്മല കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു

മൂവാറ്റുപുഴ: സാമൂഹ്യസേവന പരിപാടികൾ ഗ്രാമങ്ങളിൽ നടപ്പിലാക്കികൊണ്ട് രാഷ്ട്രപിതാവായ മഹാത്മജിയുടെ 150ാം ജന്മവാർഷികാഘോഷം നിർമ്മല കോളേജ് ആഘോഷിക്കുന്നു. ഗ്രാമങ്ങളിൽ മാലിന്യ നിർമാർജന പരിപാ ടിയാണ്‌ സാമൂഹ്യ സേവനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ''ശുചിത്വത്തിലൂടെ സമൂഹനിർമ്മിതി'' എന്നതാണ് പദ്ധതിയുടെ ആപ്തവാക്യം. കോളേജിലെ 3000 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി അവരിലൂടെ ഗ്രാമീണരിലേക്ക് ശുചിത്വസന്ദേശം എത്തിക്കുകയും, അതുവഴി മാലിന്യരഹിത ഗ്രാമങ്ങളെയും ആരോഗ്യമുള്ള മനുഷ്യരെയും സൃഷ്ടിക്കുക എന്നതും പദ്ധതി ലക്ഷ്യമാണ്. കുട്ടികളിൽ സാമൂഹ്യസേവന ചിന്തയും അടിസ്ഥാന മൂല്യങ്ങളുടെ ഉല്പാദനവും ഗാന്ധിയൻ ആദർശത്തെ മുൻനിർത്തി സൃഷ്ടിച്ചെടുക്കും.
കേരള സർക്കാരിന്റെ മാലിന്യനിർമാർജനപദ്ധതിയുടെ ഉപദേഷ്ടാക്കളായ ''നോർത്ത് ആംപ്‌സ് ഇ എൻ വി സൊലൂഷൻ'' എന്ന കമ്പനിയുടെ നേതൃത്വത്തിൽ ആണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്. മാലിന്യങ്ങളെ ഇനം തിരിച്ച് സംസ്‌കരിക്കുന്ന രീതി, അധികോൽപാദനത്തെ നിയന്ത്രിക്കുന്നതിനുമുള്ള അറിവ്, പരിസ്ഥിതി സൗഹാർദപരിസര നിർമ്മാണ സാങ്കേതിക വിദ്യ എന്നിവയെല്ലാം പരിശീലനപരിപാടികൾ വഴി കൂട്ടികളിലേയ്ക്ക് എത്തിക്കും. ഇംഗ്ലണ്ടിൽ പഠനവും, പരിശീലനവും പൂർത്തിയാക്കിയ സക്കറിയ ജോയ് ആണ് പദ്ധതി നിർവഹണത്തിനായി കോളേജിനെ ഉപദേശിക്കുന്നത്. പദ്ധതിക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു. വൈസ് പ്രിൻസിപ്പൽ ഡോ. ജോർജി നീറനാൽ, കോളേജ് ബർസാർ റവ. ഫാ ഫ്രാൻസിസ് കണ്ണാടൻ, പ്രൊഫ. ഫിലിപ്പ് മാത്യു എന്നിവർ നേതൃത്വം നൽകി.