കൊച്ചി: ആഗ്ളോ ഇന്ത്യർക്കുള്ള പാർലമെന്റിലും നിയമസഭകളിലുമുള്ള നോമിനേറ്റഡ് പ്രാതിനിധ്യം പത്ത് വർഷത്തേക്ക് കൂടി നീട്ടണമെന്ന് ഫെഡറേഷൻ ഒഫ് ആഗ്ളോ ഇന്ത്യൻ അസോസിയേഷൻ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. 2013ൽ ന്യൂനപക്ഷ മന്ത്രാലയം തന്നെ 4 ലക്ഷത്തോളം വരുന്ന ആഗ്ളോ ഇന്ത്യാക്കാരുടെ ശോചനീയവസ്ഥ മാറിയിട്ടില്ലെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വടക്കേഇന്ത്യയിലെ ഭൂരിഭാഗം പേർക്കും സ്വന്തമായി ഭവനങ്ങളില്ല. നല്ലൊരു ശതമാനം പേർ സാമ്പത്തിക പരാധീനതയിലും വിദ്യാഭ്യാസ പിന്നോക്കവാസ്ഥയിലുമാണ്. ആർട്ടിക്കൾ 334 ന്റെ കാലാവധി നീട്ടി അടുത്തവർഷം അവസാനിക്കുന്ന സംവരണവ്യവസ്ഥ നിലനിർത്തണമെന്ന് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് മുൻ എം.പി. ചാൾസ് ഡയസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.