കോലഞ്ചേരി: കേരള പൊലീസിന്റെ ഫേസ് ബുക്ക് പേജ് ഹിറ്റായതിനു പിന്നാലെ കെ.എസ് ഇ.ബിയും ട്രോളുകളുമായി ഫേസ് ബുക്ക് പേജിൽ സജീവമായി.
പൊതു ജനങ്ങൾക്കുള്ള പ്രത്യേക അറിയിപ്പുകളും, നിർദ്ദേശങ്ങളുമാണ് കെ.എസ്.ഇ. ബി യും ട്രോളാക്കുന്നത്. സൂപ്പർ ഹിറ്റ് സിനിമ 'മണിച്ചിത്രത്താഴി'ലെ സൂപ്പർ ഹിറ്റ് ഡയലോഗ് ട്രോളിയാണ് കറന്റ് ബില്ല് ഓൺ ലൈനിലടയ്ക്കാമെന്ന് ഫേസ് ബുക്ക് പേജ് പറയുന്നത്.
ബില്ലടയ്ക്കാൻ ക്യൂ നില്ക്കേണ്ടെന്ന കാര്യം ഒരറിയിപ്പായി ഇട്ടപ്പോൾ വിരലിലെണ്ണാവുന്ന ലൈക്കും ഷെയറുമേ വന്നുള്ളൂ. ഇക്കാര്യത്തിൽ ഒറ്റ ട്രോൾ ഇട്ട ആദ്യ ദിവസം 2000 ലൈക്കും, അതിലേറെ ഷെയറുമായി.
ഇതോടെയാണ് കെ.എസ്.ഇ.ബി ആസ്ഥാനത്ത് സോഷ്യൽ മീഡിയ നിയന്ത്രിക്കാനായി മൂന്ന് എ.ഇ മാരെ തന്നെ ചുമതലപ്പെടുത്തിയത്. ഉപഭോക്താക്കളിലേയ്ക്ക് കാര്യങ്ങൾ നേരിട്ടെത്തിക്കാൻ ട്രോളുകൾക്കു കഴിയുന്നുണ്ട്. ട്രോളു നോക്കാൻ പേജിലെത്തുന്ന യുവ തലമുറ മറ്റ് അറിയിപ്പുകളും കണ്ടു പോകുന്നതാണ് മെച്ചം.