പറവൂർ : പറവൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ കീഴിലുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 250 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.ഡി. സതീശൻ എം,എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളെല്ലാം ആധുനികരീതിയിലുള്ള ബി.എം.ബി.സി നിലവാരത്തിൽ ഉയർത്താൻ എട്ടുവർഷം മുമ്പ് ആരംഭിച്ച പദ്ധതിയിൽ അവസാനത്തെ റോഡായ ബംഗ്ലാവുപടി - കേശവത്തുരുത്ത് റോഡിന് 90 ലക്ഷം രൂപ അനുവദിച്ചു. വഴികുളങ്ങര - അത്താണി ക്ഷേമോദയം റോഡിന് 60 ലക്ഷം, പട്ടണം - പുഴക്കരേടത്ത് റോഡിന് 50 ലക്ഷം, പറവൂർ - ചക്കരക്കടവ് റോഡിന്റെ തകർന്നഭാഗം നന്നാക്കുന്നതിനായി 10 ലക്ഷം , പറവൂർ - കുറുന്തോട്ടിപ്പറമ്പ് റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനായി 25 ലക്ഷം, മാഞ്ഞാലി റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനായി 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. അഞ്ചുവർഷം കഴിഞ്ഞ ബി.എം.ബിസി റോഡുകളായ മൂത്തകുന്നം - മാല്യങ്കര, ഗോതുരുത്ത് ലിങ്ക് റോഡ്‌, ഗോതുരുത്ത് കടവ് മുതൽ വടക്കുംപുറം കവല വരെയും വടക്കുംപുറം കവല മുതൽ കൈരളി ജംഗ്ഷൻ, ചേന്ദമംഗലം പഞ്ചായത്ത് ഓഫീസ്, കുളിക്കടവ്‌ വഴി പാലിയംനട വരെയും പാലിയംനട മുതൽ ചേന്ദമംഗലം പാലം വരെയുമുള്ള റോഡുകൾ റീ ടാറിംഗ് നടത്തുന്നതിനും ചേന്ദമംഗലം പാലത്തിനു പടിഞ്ഞാറു വശത്തുള്ള പഴയറോഡും കുന്നത്തുതളി മുതൽ മാട്ടുപുറം വരെയും വേലൻകടവ് മുതൽ തച്ചപ്പിള്ളി കവല വരെയുള്ള റോഡുകൾ ആധുനികരീതിയിൽ ബി.എം.ബി.സി ടാറിംഗ് നടത്തുന്നതിനുള്ള തുക സെൻട്രൽ റോഡ്‌ ഫണ്ടിൽ നിന്നും അനുവദിച്ചു. ടെണ്ടർ നടപടികൾ പൂർത്തിയായെന്നും വരുന്ന മഴക്കാലത്തിനു മുമ്പ് എല്ലാ പ്രവൃത്തികളും പൂർത്തിയാക്കാൻ സാധിക്കുമെന്നും എം.എൽ.എ പറഞ്ഞു.