കൊച്ചി: തേവര ഫെറിയെയും എം.ജി റോഡിലെ തേവര ജംഗ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പണ്ഡിറ്റ് കറുപ്പൻ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷം ഒന്ന് കഴിഞ്ഞു. അധികാരികളുടെ നിസംഗത യാത്രക്കാർക്കും നാട്ടുകാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ എന്തുകൊണ്ട് നഗരസഭ നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തേവര ചക്കാലയ്ക്കൽ റോഡിൽ ജയ് മാത്യു നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദ്യമുന്നയിച്ചത്.

# ദുരിതം വന്ന വഴി

അമൃത് പദ്ധതിയിൽ പഴയ ആസ്ബറ്റോസ് പെെപ്പ് മാറ്റി പുതിയ പൈപ്പ് ഇടുന്നതിനായി ഒരു കിലോമീറ്ററോളം ഭാഗം കുത്തിപ്പൊളിച്ചിരുന്നു. കുഴിയെടുത്ത ശേഷം റോഡ് ടാർ ചെയ്യാതെ മണ്ണിട്ട് മൂടി. ഇതോടെ പൊടിയും ചെളിയുമായി മഴക്കാലത്ത് ഗതാഗതക്കുരുക്ക് താറുമാറാക്കി.

# റോഡ് പണിക്ക് വാട്ടർ അതോറിട്ടി വക 107 കോടി

പൈപ്പ് ലൈൻ ഇടാൻ വെട്ടിപ്പൊളിച്ച റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ 1.07 കോടി രൂപ വാട്ടർ അതോറിട്ടി കൊച്ചി നഗരസഭയിൽ കെട്ടിവച്ചിരുന്നു. 10 മാസം കഴിഞ്ഞിട്ടും റോഡ് റീ ടാർ ചെയ്യാൻ നഗരസഭയ്ക്കായില്ല.

#ദുരിതവാഹകരിവർ

റോഡിന്റെ ഇരുവശത്തുമുള്ള കച്ചവടക്കാർ, തേവര എസ്.എച്ച് കോളേജ്, എസ്.എച്ച്.എച്ച്.എസ്. ഹൈസ്‌കൂൾ, എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, എസ്.എച്ച് സി.എം.ഐ പബ്ലിക് സ്‌കൂൾ, നഴ്‌സിംഗ് കിൻഡർഗാർട്ടൺ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സെന്റ് ജൂഡ് ദേവാലയം, സെന്റ് ലൂർദ് ചർച്ച്, എസ്.എച്ച്. മൊണാസ്ട്രി ചർച്ച്, തേവര മുസ്ലിം പള്ളി എന്നിവിടങ്ങളിൽ വരുന്ന വിശ്വാസികൾ തുടങ്ങി ആയിരക്കണക്കിന് ജനങ്ങളും ആലപ്പുഴ, ഇടക്കൊച്ചി പാലം, കുണ്ടല്ലൂർ പാലം തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വരുന്ന യാത്രാ , ചരക്കു വണ്ടികളും സമീപത്തെ ആശുപത്രികളിലേക്ക് ഇത് വഴി പോകുന്ന ആംബുലൻസുകളുമാണ് ദുരിതം പേറി വലയുന്നത്.

# വികസന സമിതി നിർദ്ദേശങ്ങൾ

●റെയിൽവേ മേല്പാത്തിന്റെ തൂണുകളുടെ ഉയരവും വീതിയും വർധിപ്പിക്കുക

●ഇലക്‌ട്രിക് പോസ്റ്റുകളും അനാവശ്യ നിർമിതികളും നീക്കം ചെയ്യുക

● അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുക

● റോഡിൽ പാർക്കിംഗ് നിരോധിക്കുക

● കടകളുടെ ബോർഡുകൾ റോഡിലിറക്കി വെയ്ക്കുന്നത് തടയുക

● സ്കൂൾ സമയത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുക

● പെരുമാനൂരിലെ റെയിൽവേ ഭൂമി പാർക്കിംഗിനായി ഉപയോഗപ്പെടുത്തുക

● അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കുക

തകർന്നുകിടക്കുന്ന റോഡിലെ അപകടങ്ങ8ക്ക് കണക്കില്ല. കാൽനട യാത്രപ്പോലും കഠിനമാണ്

ടി.കെ. പൊന്നുച്ചാമി , നാട്ടുക്കാരൻ