കുമ്പളങ്ങി: തീരദേശ പിന്നാക്കമേഖലയിലെ പാവപ്പെട്ട പതിനായിരക്കണക്കിന് ജനങ്ങളുടെ ആശ്രയമായ കുമ്പളങ്ങി സർക്കാരാശുപത്രിയിൽ കിടത്തിചികിത്സ നിലച്ചിട്ട് തിരിഞ്ഞു നോക്കാനാളില്ല. അഞ്ഞൂറിലേറെ രോഗികൾ ദിവസവും എത്തുന്ന ആശുപത്രിയിൽ എട്ട് ഡോക്ടർമാരെങ്കിലും വേണം. ഉള്ളതാകട്ടെ, ഇപ്പോൾ ഒ.പിയിൽ നാല് ഡോക്ടർമാത്രം. മൂന്നു നഴ്സുമാരും.
ആശുപത്രിയുടെ ഭരണചുമതലയുള്ള പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്തിനും സംസ്ഥാന ആരോഗ്യവകുപ്പിനും കഴിവുകേടിന്റെ ദേശീയ പുരസ്കാരം നൽകേണ്ട സ്ഥിതിയാണ്. ആശുപത്രിയുടെ ദുർഗതി കാണാൻ കുമ്പളങ്ങി പഞ്ചായത്തോ കൊച്ചി എം.എൽ.എയോ കൺതുറക്കുന്നുമില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കും പാവപ്പെട്ട രോഗികളുടെ കഷ്ടപ്പാട് ഇപ്പോൾ സമരവിഷയമേയല്ല.
1952ൽ ഇവിടെ കിടത്തി ചികിത്സ ആരംഭിച്ചതാണ്. രാത്രി ഡ്യൂട്ടി ഡോക്ടറും ഉണ്ടായിരുന്നു. ഓപ്പറേഷൻ തിയറ്റർ, ലാബ്, പ്രസവവാർഡ്, കുട്ടികളുടെ വാർഡ്, പുരുഷവാർഡ്, കയർതൊഴിലാളി വാർഡ്, ഡോക്ടർമാരുടെ രണ്ട് ക്വാർട്ടേഴ്സ് എന്നിവയുൾപ്പടെ ആശുപത്രി വളപ്പിൽ 16 കെട്ടിടങ്ങളുണ്ട്. ഇപ്പോൾ ഒ.പി ബ്ളോക്കൊഴികെ എല്ലാം പൂട്ടിക്കിടക്കുന്നു. എങ്കിലും ആശുപത്രിക്ക് ആനവാതിൽ പണിയും കെട്ടിടങ്ങൾക്ക് മുകളിൽ ഷീറ്റ് ഇടുന്ന ട്രസ് ജോലിയും ഉഷാറായി നടക്കുന്നുണ്ട്. 2004ൽ എക്സ്റേ യൂണിറ്റിന് പ്രത്യേക കെട്ടിടം പണിതെങ്കിലും എക്സറേ ഇതുവരെ വന്നിട്ടില്ല. അന്തിമയങ്ങിയാൽ ആളനക്കവും വെളിച്ചവുമില്ലാതെ ഇപ്പോൾ ഭാർഗവീ മന്ദിരം പോലെയാണ് ആശുപത്രി വളപ്പ്.
കുമ്പളങ്ങി ആശുപത്രിയുടെ കീഴിലാണ് ചെല്ലാനം, കണ്ടക്കടവ് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ. ഇവയുടെ അവസ്ഥയും പരിതാപകരമാണ്.
കുമ്പളങ്ങി ആശുപത്രി
1994 ഡിസ്പെൻസറിയായി തുടക്കം
1952 പ്രൈമറി ഹെൽത്ത് സെന്ററായി
1988 കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പദവി
2000 ഓപ്പറേഷൻ തിയറ്ററും പ്രസവവാർഡും
2004 എക്സ്റേ യൂണിറ്റിന് കെട്ടിടം
2019 ഓണത്തിന് ശേഷം ഐ.പി പൂട്ടി
എന്താണ് യഥാർത്ഥ പ്രശ്നം
• 1988 ൽ കുമ്പളങ്ങി ആശുപത്രിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയെങ്കിലും സ്റ്റാഫ് പാറ്റേൺ അനുവദിച്ച് പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടില്ല. ഇപ്പോഴും പ്രൈമറി ഹെൽത്ത് സെന്ററിന്റെ തന്നെയാണ് സ്റ്റാഫ് പാറ്റേൺ.
• കുമ്പളങ്ങിയെന്ന പിന്നാക്ക ഉൾപ്രദേശത്ത് ജോലി ചെയ്യാൻ ഡോക്ടർമാർക്കും ജീവനക്കാർക്കും മടി.
ഡോക്ടർമാരെയും സ്റ്റാഫിനെയും നിയമിക്കാനാവശ്യപ്പെട്ട് ഡി.എം.ഒയ്ക്കും ആരോഗ്യവകുപ്പിനും പലതവണ കത്ത് നൽകി. ഒരു നടപടിയും ഉണ്ടാകുന്നില്ല. പാവപ്പെട്ട രോഗികൾ കഷ്‌ടപ്പെടുകയാണ്. ഒരു ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും ബ്ളോക്ക് പഞ്ചായത്ത് ശമ്പളം നൽകി നിയമിച്ചതാണ്. കുറഞ്ഞത് ഏഴ് ഡോക്ടർമാരെങ്കിലും ഇവിടെ വേണം. ഉടനെ തന്നെ ആരോഗ്യമന്ത്രിയെ നേരിൽ കാണും.
പുഷ്പി പൊന്നൻ
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ
പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത്