ആലുവ: കയറ്റിയിറക്ക് തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസംബർ ആറ് മുതൽ ചൂണ്ടി എട്ടേക്കർ സെൻട്രൽ വെയർഹൗസിലെ കയറ്റിയിറക്ക് തൊഴിലാളികൾ പണിമുടക്കും.

നിലവിലുള്ള കൂലി പുതുക്കി നിശ്ചയിക്കേണ്ട കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായിട്ടും സിവിൽ സപ്ലൈസ് അധികാരികളോ പരിഹാരം ഉണ്ടാക്കുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ കൂലിക്കാണ് ഇവിടെ തൊഴിലാളികൾ കയറ്റിയിറക്ക് ജോലി ചെയ്യുന്നത്. ഇന്നലെ ആലുവ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ നടന്ന ചർച്ചയിലും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും കോൺട്രാക്ടറും പങ്കെടുത്തില്ല. ഇതേതുടർന്നാണ് പണിമുടക്ക് ആരംഭിക്കാൻ തീരുമാനിച്ചത്.

ക്ഷേമനിധി ബോർഡ് ജൂനിയർ സൂപ്രണ്ടുമാരായ ജോൺസൺ പോൾ, സിമി ജോൺസൺ, ഏരിയാ മാനേജർ മരീന ജോൺ, ട്രേഡ് യൂണിയൻ നേതാക്കളായ അഷറഫ് വള്ളൂരാൻ, എൻ.എൻ. ശശിധരൻ, പി.ആർ. അശോക് കുമാർ, സി.പി. നാഷാദ്, എ. ഷംസുദ്ധീൻ, എം.എം. ഷിഹാബുദ്ദീൻ, പി.എം. ഇബ്രാഹിംക്കുട്ടി, കെ.ഐ. ഷിഹാബ്, കെ.എം. അബ്ദുള്ള, കെ.വി. ബഷീർ, ടി.ഐ. ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.